ലോ അക്കാദമി ഭൂമി: റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

11:00 am 31/01/2017
79150878
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് സ്ഥിതി ചെയ്യുന്ന ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇക്കാര്യം പരിശോധിക്കാൻ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉത്തരവിട്ടു.

ലോ അക്കാദമി സർക്കാർ ഭൂമിയാണോ, സർക്കാർ ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോ, സ്വകാര്യ ആവശ്യത്തിനായി ഭൂമിയിൽ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് റവന്യൂ മന്ത്രിയുടെ നിർദേശം.

ലോ കോളജും അതിനായി വിട്ടുകൊടുത്ത ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഭരണപരിഷ്കരണ കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനും കെ.പി.സി.സി നിര്‍വാഹക സമിതിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാറിന് വി.എസ് കത്തും നൽകിയിരുന്നു.

ലോ അക്കാദമിക്കുള്ളിലെ രണ്ട് കെട്ടിടങ്ങള്‍ക്ക് നമ്പറിനായി കോര്‍പറേഷന്‍ അദാലത്തില്‍ അക്കാദമിക്കുവേണ്ടി ഡയറക്ടര്‍ ഡോ. എന്‍. നാരായണന്‍ നായർ തിങ്കളാഴ്ച അപേക്ഷ നൽകിയിരുന്നു‍. എന്നാല്‍, മേയര്‍ വി.കെ. പ്രശാന്തും മന്ത്രി കെ.ടി. ജലീലും ഉള്‍പ്പെട്ട സംഘം ഈ അപേക്ഷ സ്വീകരിച്ചില്ല. അഞ്ചുവര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ ലഭിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് അപേക്ഷ നല്‍കിയത്. ക്രമക്കേട് ഉണ്ടെന്ന് കണ്ടതിനാലാകണം കെട്ടിട നമ്പര്‍ നല്‍കാത്തതെന്നാണ് വിവരം.