വടക്കാഞ്ചേരി കൂട്ടബലാൽസംഗം: പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം

11:39 AM 04/11/2016
download
തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ട ബലാൽസംഗക്കേസിലെ സി.പി.എം നഗരസഭാ കൗൺസിലർ അടക്കമുള്ള പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വടക്കാഞ്ചേരിയിലെ യുവതിയുടെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു.

ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തിൽ കേസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ അടിയന്തരപ്രമേയത്തിനു മറുപടിയായി സഭയിൽ അറിയിച്ചു. ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും. കുറ്റക്കാർക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ സർക്കാർ ഗൗരവമായി കണക്കാക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

അനിൽ അക്കര എം.എൽ.എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കിയത്. കേസ് വനിതാ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്‌ഥ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എമ്മുമായി ബന്ധമുള്ള വനിതാ അഭിഭാഷകയും വടക്കാഞ്ചേരിയിലെ മൂന്ന് ഇടത് കൗൺസിലർമാരും ചേർന്ന് കേസ് ഒതുക്കിത്തീർത്തെന്നും ഇതിന് പോലീസിന്‍റെ സഹായവും ലഭിച്ചതായും അനിൽ അക്കര ആരോപിച്ചു. പരാതിയുമായി ചെന്ന യുവതിയോട് പേരാമംഗലം സി.ഐ മണികണ്ഠൻ മോശമായി പെരുമാറി. പോലീസിന്‍റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം അടിയന്തര പ്രമേയ നോട്ടീസിൽ അറിയിച്ചു