സുഖനിദ്രയ്ക്ക് കുട്ടികള്‍ക്ക് ഹെറോയിന്‍ കുത്തിവെച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

11:39 pm 4/11/2016

പി. പി. ചെറിയാന്‍
FullSizeRender
വാഷിങ്ടന്‍ : ആറും നാലും രണ്ടും വയസുളള കുട്ടികള്‍ക്ക് സുഖമായി ഉറക്കം ലഭിക്കുന്നതിന് സ്ഥിരമായി ഹെറോയിന്‍ കുത്തിവെയ്പ്പ് നല്‍കിയിരുന്ന യുവ മാതാപിതാക്കളെ വാഷിങ്ടനില്‍ അറസ്റ്റ് ചെയ്തു.

ആഷ് ലി ഹട്ട് (24), മാക്ക് ലിറോയ്(25) എന്നിവരെ ഒക്ടോബര്‍ 31 തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തിരുന്നതെന്ന് പിയേഴ്‌സ് കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് എഡ് ട്രോയര്‍ പറഞ്ഞു. ഇവരുടെ വീട്ടില്‍ നിന്നും ഹെറോയിന്‍, കുത്തിവെയ്ക്കുവാന്‍ ഉപയോഗിക്കുന്ന സൂചികള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

സുഖകരമായ ഉറക്കത്തിനുളള മെഡിസനാണിതെന്ന് പറഞ്ഞാണ് 6 വയസുകാരന് വെളുത്ത പൊടി വെളളത്തില്‍ കലക്കി കുത്തിവെച്ചിരുന്നതെന്ന് ഷെറിഫ് പറഞ്ഞു. മൂന്ന് കുട്ടികളുടേയും ശരീരത്തില്‍ കുത്തിവെച്ചതിന്റെ പാടുകള്‍ ദൃശ്യമാണ്. 2 കുട്ടികള്‍ മയക്കുമരുന്ന് പരിശോധനയില്‍ പോസിറ്റീവാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. യുവ മാതാപിതാക്കളും മയക്കുമരുന്നിനടിമയാണെന്ന് ഇവര്‍ തന്നെ സമ്മതിച്ചിരുന്നു.

ഇരുവരും കുറ്റം നിഷേധിച്ചിട്ടുണ്ട്. മൂന്ന് കുട്ടികളേയും ഇവരുടെ സംരക്ഷണയില്‍ നിന്നും മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. അമേരിക്കയില്‍ മയക്കുമരുന്നുപയോഗം മാറാവ്യാധിയായി വ്യാപിച്ചിരിക്കുന്നു. മയക്കുമരുന്നിന്റെ അമിത ഉപയോഗം ഓരോ വര്‍ഷവും അനേകരുടെ ജീവനാണ് അപഹരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചു വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടേയും എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചു വരുന്നു. മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടികള്‍ കൗണ്ടി അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.