05:49 PM 08/11/2016
തൃശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ ഭർതൃ മാതാപിതാക്കൾ രംഗത്ത്. ആരോപണങ്ങളിൽ കഴമ്പില്ലെന്നും യുവതിയെ പീഡിപ്പിച്ചെന്ന് പറയുന്ന വ്യക്തിയെ സംബന്ധിച്ച് തങ്ങൾക്ക് മോശമായ അഭിപ്രായമില്ലെന്നും പരാതിക്കാരിയുടെ ഭർതൃമാതാവും പിതാവും തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യഥാർഥ വസ്തുതകൾ മറച്ചുവെച്ച് അസത്യങ്ങൾ പ്രചരിക്കുന്നത് അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പത്രസമ്മേളനം നടത്തുന്നതെന്നും അവർ വ്യക്തമാക്കി. മകനും പരാതിക്കാരിയും പണം തട്ടിയെടുക്കാൻ എന്ത്നീചപ്രവൃത്തിയും ചെയ്യാൻ മടിയില്ലാത്തവരാണ്. പലതവണ ഇവർ തങ്ങളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. അവരുടെ രണ്ട് കുട്ടികളും തങ്ങളുടെ സംരക്ഷണയിലാണ് കഴിയുന്നത്. അനർഹമായി പണം തട്ടാനുള്ള മരുമകളുടെ ശ്രമമാണ് പീഡനാരോപണമെന്നും ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും ഭർതൃ മാതാപിതാക്കൾ ആവശ്യപ്പെട്ടു.