വനിതാദിനത്തില്‍ ഇന്ത്യ എവിടെ നില്‍ക്കുന്നു

11:15am
8/3/2016
കെ.പി.വൈക്കം
images (2)

ഇന്ന് മാര്‍ച്ച് എട്ട് ലോക വനിതാദിനം. അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ സ്മരണകള്‍ പേറുന്ന ഒരു ദിനം. ദേശത്തിന്റെ അതിര്‍ത്തികര്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് ഭാഷാ, ദേശ, സാമ്പത്തിക, രാഷ്ട്രീയ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും മറന്ന്, വനിതകള്‍ക്കായി ഒരു ദിനം. എന്നാല്‍ ഈ വനിതാദിനത്തില്‍ ഇന്ത്യ എവിടെനില്‍ക്കുന്നവെന്ന ചോദ്യം വളരെ പ്രസക്തമാണ്. വനിതകളുടെ ഉന്നമനത്തിനും സമത്വത്തിനുമായി ഘോരഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുള്ള ഇന്ത്യയിലെ പരമോന്നത ജനപ്രതിനിധി സഭകളായ ലോക്സഭയിലും രാജ്യസഭയിലുമുള്ള വനിതകളുടെ എണ്ണം നോക്കിയാല്‍ മനസിലാകും ഈ പാര്‍ട്ടികളുടെ പൊള്ളത്തരം. വനിതകള്‍ക്കായുള്ള അവകാശങ്ങളെക്കുറിച്ച് പ്രസംഗത്തില്‍ മാത്രം പറയുന്ന പ്രവണതയാണ് ഇന്ത്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളുടെയും നയം. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇനിയും പാസാകാത്ത വനിതാസംവരണബില്‍.
1974ല്‍ ഇന്ത്യയിലെ വനിതകളുടെ അവസ്ഥ പഠിക്കാന്‍ വിദ്യാഭ്യാസസാമൂഹിക ക്ഷേമ മന്ത്രാലയം നിയോഗിച്ച സമിതി സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് വനിതാ പ്രാതിനിധ്യം സംബന്ധിച്ച ആദ്യ പരാമര്‍ശമുണ്ടായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്കു നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്യണമെന്നു ഈ സമിതി ശുപാര്‍ശ ചെയ്തു.

1996 സെപ്റ്റംബര്‍ 12ന് എച്ച്.ഡി. ദേവഗൗഡ സര്‍ക്കാര്‍ 81ആം ഭരണഘടന ഭേദഗതിയായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും നീണ്ട 20വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് നിയമമായിട്ടില്ല. 2010 മാര്‍ച്ച് 9ന് വനിതാ സംവരണബില്‍ രാജ്യസഭയില്‍ മാത്രമാണ് പാസാക്കാനായത്. ഓരോ തവണ ബില്‍ പരിഗണനയ്ക്കു വരുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍തന്നെയാണ് ഇതിനെ എതിര്‍ത്ത് രംഗത്ത് വരുന്നത്. 96ല്‍ അവതരിപ്പിച്ച ബില്‍ ദേവഗൗഡ സര്‍ക്കാര്‍ സി.പി.ഐ. എം.പി. ഗീത മുഖര്‍ജി അദ്ധ്യക്ഷയായുള്ള സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിട്ടു. 1996 ഡിസംബര്‍ 9ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ലോകസഭയില്‍ അവതരിപ്പിച്ചു. 1998 ജൂണ്‍ 4ന് എന്‍.ഡി.എ. യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 84ആം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍ എന്‍.ഡി.എ. നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ന്യൂനപക്ഷമാകുകയും സര്‍ക്കാര്‍ പിരിച്ചു വിടുകയും ചെയ്തതോടെ ബില്‍ വീണ്ടും പെട്ടിയിലായി. പിന്നീട് 1999 നവംബര്‍ 22ന് എന്‍.ഡി.എ. സര്‍ക്കാര്‍ ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സമവായമുണ്ടാകാത്തതിനെത്തുടര്‍ന്ന് 2002ലും 2003ലും ബില്‍ അവതരിപ്പിച്ചു. ഈ രണ്ടു തവണയും ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. പിന്നീട് വന്ന യു.പി.എ സര്‍ക്കാര്‍ 2004 മേയില്‍ പൊതു മിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയ വനിതാസംവരണ ബില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തി. 2008 മേയ് 6ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് നിയമനീതികാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ പരിഗണനക്കു വിട്ടു. 2009 ഡിസംബര്‍ 17ന് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും വെച്ചു. എന്നാല്‍ സമാജ്വാദി പാര്‍ട്ടി, ജെ.ഡി. (യു), ആര്‍.ജെ.ഡി. എന്നീ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെ ബില്ലിന്റെ അവസ്ഥ വീണ്ടും പഴയപടിയായി. 2010 ഫെബ്രുവരി 22 ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നു രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ വ്യക്തമാക്കി. 2010 ഫെബ്രുവരി 25 കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കുന്നു. 2010 മാര്‍ച്ച് 8ന് അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബഹളത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റി വെച്ചു.എസ്.പി., ആര്‍.ജെ.ഡി. എന്നീ പാര്‍ട്ടികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 2010 മാര്‍ച്ച് 9ന് ബില്‍ രാജ്യസഭ യില്‍ വോട്ടെടുപ്പിനിട്ടു. ഒന്നിനെതിരെ 186 വോട്ടുകള്‍ക്ക് ബില്‍ രാജ്യസഭ പാസാക്കി. അംഗങ്ങളെ പ്രതിരോധിക്കാന്‍ മാര്‍ഷലുകളെ നിയോഗിച്ചത് ഈ ബില്‍ പാസാക്കിയ സന്ദര്‍ഭത്തിലാണ്. എന്നാല്‍ ഈ ബില്ല് ലോകസഭയില്‍ പാസാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ലോക്സഭയുടെ അമരത്ത് മൂന്ന് വനിതകളുള്ളപ്പോള്‍ തന്നെയാണ് വനിതാ ബില്‍ പാസാക്കാനാവാതെ പോയത്. സ്പീക്കര്‍ മീരാകുമാര്‍, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എന്നിവര്‍ക്ക് വിവിധ കക്ഷിനേതാക്കളുടെ നിലപാട് മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ല. ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം നേടിയെടുക്കാനുള്ള തീവ്രയത്നങ്ങളാണ് തട്ടിത്തകര്‍ന്നത്.

പിന്നീട് വന്ന എന്‍.ഡി.എ സര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചെങ്കിലും നാളിതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഈ ബില്‍ പാസാവണമെങ്കില്‍ ഇനിയും നിരവധി കടമ്പകള്‍ താണ്ടേണ്ടിയിരിക്കുന്നു. രാജ്യസഭയില്‍ പാസാക്കിയിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ വീണ്ടും ഈ ബില്ല് രാജ്യസഭയുടെ പരിഗണനയ്ക്ക് വരണം തുടര്‍ന്ന് ലോക്സഭയിലും പാസായശേഷം എല്ലാ നിയമസഭകളിലും ബില്‍ അവതരിപ്പിക്കണം മൂന്നില്‍ രണ്ട് സംസ്ഥാനങ്ങള്‍ ബില്ലിനെ അനുകൂലിച്ചാല്‍ ബില്‍ വീണ്ടും രാജ്യസഭയില്‍ വയ്ക്കണം അവിടുന്നു പാസായാല്‍ മാത്രമെ വനിതാസംവരണബില്‍ പ്രബല്യത്തില്‍ വരികയുള്ളു. രാഷ്ട്രീയ പാര്‍ട്ടികളുടെ മെല്ലെപ്പോക്ക് നയം തുടര്‍ന്നാല്‍ ഇനിയും പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാലും വനിതാസംവരണബില്‍ പാസാവാതെ പെട്ടിയിലിരിക്കും.