വരള്‍ച്ചമേഖലയിലെ കര്‍ഷകര്‍ക്ക് സഹായം: സ്വകാര്യബില്ലിന് രാഷ്ട്രപതിയുടെ ശിപാര്‍ശ

08:15am 24/04/2016
download

ന്യൂഡല്‍ഹി: നിരവധി സംസ്ഥാനങ്ങള്‍ വരള്‍ച്ചയില്‍ വലയുന്ന സാഹചര്യത്തില്‍ തരിശ്‌വരള്‍ച്ചബാധിത മേഖലകളിലെ കര്‍ഷകരുടെ സംരക്ഷണവും 10,000 കോടി രൂപയുടെ ക്ഷേമനിധിയും രൂപവത്കരിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ പരിഗണിക്കണമെന്ന് രാജ്യസഭക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ശിപാര്‍ശ.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ 2014 ഡിസംബറില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ‘ദ ഫാര്‍മേഴ്‌സ് ഓഫ് എരിഡ് ആന്‍ഡ് ഡെസേര്‍ട്ട് ഏരിയാസ് (വെല്‍ഫെയര്‍ ആന്‍ഡ് സ്‌പെഷല്‍ പ്രൊവിഷന്‍സ് ബില്‍)’ പരിഗണിക്കാനാണ് ഭരണഘടനയുടെ 117ാം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതി ശിപാര്‍ശ ചെയ്തത്. കേന്ദ്ര സര്‍ക്കാറിന്റെ നികുതി, വായ്പ, പലിശ അടക്കമുള്ള സംയോജിത ഫണ്ടില്‍നിന്ന് പണം ചെലവഴിക്കാനിട വരുത്തുന്ന നിയമനിര്‍മാണത്തിനുള്ള ബില്ലാണെങ്കില്‍ രാഷ്ട്രപതിയുടെ ശിപാര്‍ശയില്ലാതെ പാര്‍ലമെന്റിന് പാസാക്കാനാവില്ല. അതുകൊണ്ടാണ് ശിപാര്‍ശ നല്‍കിയത്. ഇതേതുടര്‍ന്ന് രാജ്യസഭ ബില്‍ പരിഗണനക്ക് ലിസ്റ്റുചെയ്തു. കേന്ദ്രസര്‍ക്കാറിന്റെ സംയോജിത ഫണ്ടില്‍നിന്ന് 10,000 കോടി രൂപ പ്രാരംഭമായി ക്ഷേമനിധിക്ക് അനുവദിക്കണമെന്നാണ് ബില്‍ ആവശ്യപ്പെടുന്നത്. ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ഫണ്ടനുവദിക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതമാക്കുന്നതാണ് ബില്ലിലെ ആറാം ഉപവകുപ്പ്. ബന്ധപ്പെട്ട സര്‍ക്കാറുകള്‍ ക്ഷേമനടപടികള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെടുന്നതാണ് അഞ്ചാം ഉപവകുപ്പ്.
ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളും രാജസ്ഥാനിലെ പല ഭാഗങ്ങളും ഊഷരതരിശ് ഭൂമിയാണെന്നതും വേനലില്‍ അങ്ങേയറ്റം ചുടും തണുപ്പുകാലത്ത് അസഹ്യ തണുപ്പും അനുഭവപ്പെടുന്ന ഇവിടങ്ങളില്‍ മഴ കുറവാണെന്നതും അഹമ്മദ് പട്ടേല്‍ ചൂണ്ടിക്കാട്ടുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, ഝാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളും മുമ്പില്ലാത്ത വിധത്തിലുള്ള വരള്‍ച്ച സ്ഥിതിയാണ് നേരിടുന്നതെന്നും തരിശുഭൂമി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും ബില്‍ ചൂണ്ടിക്കാട്ടുന്നു. കടക്കെണിയും ദുരിതവും പതിവായ ഇവിടങ്ങളിലെ കര്‍ഷകര്‍ക്ക് ക്ഷേമനിധി അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.