വര്‍ദ: മരണം പത്തായി; വിമാനത്താവളം തുറന്നു

09:25 AM 12/12/2016

download
ചെന്നൈ: കനത്ത നാശനഷ്ടം വിതച്ച വർദ ചുഴലിക്കാറ്റിനെ തുടർന്ന്​ താത്​കാലികമായി അടച്ചിട്ട തമിഴ്നാട് വിമാനത്താവളം ഇന്ന്​ പ്രവർത്തന സജ്ജമായി. ഇന്നലെ ഉച്ചയോടെയാണ്​ ഇവിടെ നിന്നുള്ള എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കിയത്​. അതിനിടെ, വർദ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം പത്തായി. ചെന്നൈയിൽ നാലു പേരും കാഞ്ചീപുരത്തും തിരുവള്ളൂരും രണ്ടുപേർ വീതവും വില്ലുപുരം നാഗപട്ടണം എന്നിവിടങ്ങളിൽ ഒരാൾ വീതവും മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളിൽ ചെന്നൈ, കാഞ്ചീപുരം, തിരുവളൂർ ജില്ലകളിൽ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്നാണ്​ കാലാവസ്​ഥാ നിരവീക്ഷകർ നൽകുന്ന മുന്നറിയിപ്പ്​. കനത്തമഴയെ തുടർന്ന്​ ചെന്നൈ,കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ സർക്കാർ ഇന്നും അവധി നൽകിയിട്ടുണ്ട്​. ചെന്നൈയിൽ നിന്നുള്ള ദീർഘദൂര, സബർബൻ ട്രെയിൻ സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്​. കഴിഞ്ഞ വർഷത്തെ പ്രളയത്തിനു സമാനമായി താഴ്​ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന്​ ബസ്​ സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്​. ഇതോടെ ചെന്നൈ നഗര ജീവിതം പൂർണ്ണമായും സ്​തംഭിച്ച അവസ്​ഥയിലാണ്​. ഇതേവരെ 10 സെൻറീമീറ്റർ മഴ രേഖ​െപ്പടുത്തിയിട്ടുണ്ട്​.

ചെന്നൈ നഗരത്തിലും കടലോര പ്രദേശമായ കാഞ്ചീപുരം, തിരുവള്ളൂർ തുടങ്ങിയ പ്രദേശങ്ങളിലുമാണ്​ ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകകയാണ്. രാവിലെ മുതൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

ചെ​ന്നൈയിൽ മൈലാപുരിൽ മരം വീണ്​ സ്​ത്രീ മരിച്ചു. വിഴുപുരത്ത്​ ശക്തമായ കാറ്റിൽ വീടുകൾ തകർന്നാതായി റി​പ്പോർട്ടുണ്ട്​. റോഡുകളിൽ വൻമരങ്ങൾ കടപുഴകി വീണതിനാൽ പലയിടത്തും ഗതാഗതം സ്​തംഭിച്ചു. ജനങ്ങളോട്​ പുറത്തിറങ്ങരുതെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

വര്‍ദ ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതക്ക്​ അധികൃതർ നിർദേശം നൽകി.ഉച്ചക്ക്​ രണ്ടിനും നാലു മണിക്കുമിടയിൽ വർധ ചെന്നൈ ആ​ന്ധ്ര തീരത്തെത്തുമെന്നാണ്​ റിപ്പോർട്ട്​. കൽപ്പാക്കം ആണവ നിലയത്തിൽ എല്ലാ മുൻകരുതലുകളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്​.