ആദിവാസി സ്ത്രീകളെ അടിച്ചോടിച്ച് കുടിലിനു തീയിട്ടു; രണ്ടു പേര്‍ക്ക് പരിക്ക്

09:19 AM 13/12/2016
images
അടിമാലി: അര്‍ധരാത്രി അക്രമി സംഘം ആദിവാസി സ്ത്രീകളെ അടിച്ചോടിച്ച് കുടിലിനു തീയിട്ടു. കുടിലിരുന്ന ഭാഗത്ത് മരച്ചീനി നട്ടു. ഭയന്നോടിയ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. അടിമാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പടിക്കപ്പ് ആദിവാസി കോളനിയില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം.
മുഖംമൂടി ധരിച്ചത്തെിയ അക്രമികളാണ് സംഭവത്തിനു പിന്നിലെന്ന് കോളനിവാസികള്‍ പറഞ്ഞു. ഉദയകാളി (66), വിമല ബിന്ദു (30) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിക്കപ്പ് ആദിവാസി കോളനിയിലെ ജര്‍മന്‍ പൊന്നപ്പന്‍െറ കുടിലാണ് 20 അംഗ സംഘം തീയിട്ടു നശിപ്പിച്ചത്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു തര്‍ക്കമുണ്ട്. ജര്‍മന്‍ പൊന്നപ്പന് സര്‍ക്കാര്‍ ഒന്നര ഏക്കര്‍ ഭൂമി നല്‍കിയിരുന്നു. ഈ ഭൂമി ഈടുനല്‍കി പടിക്കപ്പില്‍ താമസിക്കുന്ന പൗലോസ് തങ്കപ്പനില്‍നിന്ന് പൊന്നപ്പന്‍ വലിയൊരു തുക വാങ്ങിയത് സംബന്ധിച്ചാണ് തര്‍ക്കം. തന്‍െറ ഭൂമി തങ്കപ്പന്‍ കൈയേറിയെന്നും കുടില്‍ കെട്ടാന്‍ ഭൂമിയില്ളെന്നും കാണിച്ച് പൊന്നപ്പന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വനപാലകര്‍ക്ക് പരാതി നല്‍കി. വനപാലകര്‍ സെപ്റ്റംബര്‍ 22ന് കൈയേറ്റം ഒഴിപ്പിച്ച് പൊന്നപ്പന് കുടില്‍ കെട്ടാന്‍ സൗകര്യമൊരുക്കി. ഈ കുടിലിനാണ് രാത്രിയുടെ മറവില്‍ അജ്ഞാത സംഘം തീയിട്ടത്.
സംഭവസമയം പൊന്നപ്പന്‍െറ ബന്ധുക്കളായ ഉദയകാളിയും വിമല ബിന്ദുവും മാത്രമേ കുടിലില്‍ ഉണ്ടായിരുന്നുള്ളൂ. കുടില്‍ പൂര്‍ണമായി കത്തിനശിച്ചു. കുടിലിരുന്ന ഭാഗത്ത് മരച്ചീനി നട്ടശേഷമാണ് അക്രമികള്‍ സ്ഥലം വിട്ടത്. ഭയന്നോടിയ സ്ത്രീകള്‍ക്ക് വീഴ്ചയിലാണ് പരിക്കേറ്റത്. അടിമാലി എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. സ്ത്രീകളുടെ പരാതിയില്‍ പടിക്കപ്പ് കുളങ്ങരയില്‍ ബോബനും കണ്ടാല്‍ അറിയാവുന്ന 10 പേര്‍ക്കുമെതിരെ കേസെടുത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായി ഒളിവില്‍ കഴിയുന്ന ബോബന്‍െറ നേതൃത്വത്തിലാണ് കുടില്‍ കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. അടിമാലിയില്‍ ഭീകരാന്തരീഷം സൃഷ്ടിച്ച് കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.