വാഗാ അതിർത്തിയിൽ ഇന്തോ–പാക് സൈനികർ മധുരം കൈമാറിയില്ല

02.19 AM 31/10/2016
wahga_3010
ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വാഗാ അതിർത്തിയിൽ ഇന്ത്യ, പാക് സൈനികർ മധുരം പങ്കുവച്ചില്ല. അതിർത്തിയിൽ ഇന്ത്യ–പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് മധുരം കൈമാറേണ്ടെന്നു ബിഎസ്എഫ് നേതൃത്വം തീരുമാനമെടുത്തത്. എന്നിരുന്നാലും രാജസ്‌ഥാനിലെ ബിക്കാനിർ അതിർത്തിയിൽ സൈന്യം ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു.

കഴിഞ്ഞ കുറേ വർഷങ്ങളായി വിശേഷാവസരങ്ങളിൽ ഇന്ത്യ–പാക് സൈനികർ മധുരവും സമ്മാനങ്ങളും കൈമാറാറുണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന ഊഷ്മള ബന്ധത്തിന്റെ പ്രതീകമായായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഈദ്, ദീപാവലി ദിവസങ്ങളിലാണ് ഇത് നടക്കാറുണ്ടായിരുന്നത്. ഈ ചടങ്ങാണ് ഈ വർഷം ഇല്ലാതായത്.

ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിലും വാഗാ അതിർത്തിയിൽ മധുരം കൈമാറൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നില്ല. പഞ്ചാബിലും ജമ്മു കാഷ്മീരിലും നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതേതുടർന്ന് ഈദ് ദിനത്തിൽ പാക് സൈന്യവും സമ്മാനങ്ങൾ കൈമാറിയില്ല.