വാവര്‍ സ്വാമി മുസ്ലീം അല്ല; ശശികല ടീച്ചറുടെ പ്രസ്താവനയ്ക്കെതിരെ രാഹുല്‍ ഈശ്വര്‍

05:40 PM 21/9/2016

download (1)

തിരുവനന്തപുരം: ശബരിമല അയ്യപ്പനുമായി ചേര്‍ത്ത് പറയുന്ന വാവര്‍ മുസ്ലീം ആണെന്ന് വിശ്വസിക്കുന്നില്ലെന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ പ്രസ്താവനയ്ക്ക് എതിരെ ശബരിമല തന്ത്രി കുടുംബാഗം രാഹുല്‍ ഇശ്വര്‍ രംഗത്ത്.
വാവര്‍ ഇസ്ലാംമത വിശ്വാസിയാണ് എന്നതിന് കൃത്യമായ തെളിവുണ്ട്. 1950 ല്‍ കോടതിയില്‍ നടന്ന കേസില്‍ ശബരിമലയിലെ അന്നത്തെ തന്ത്രി കണ്ഠരര്‍ ശങ്കരര്‍ ഇത് ശരിവച്ചിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. പാത്തുമ്മയുടെയും സെയ്താലിയുടെയും മകനാണ് വാവര്‍ എന്നാണ് പറയുന്നത്. ശബരിമലയുടെ ഉള്ളില്‍ തന്നെ വാവര്‍ക്കായി ഒരു പ്രാര്‍ത്ഥന സ്ഥലം ഉണ്ട് അവിടെ വിഗ്രഹങ്ങളോ മറ്റോ ഇല്ല എന്നത് തന്നെ അദ്ദേഹം ഒരു മുസ്ലീം ആണെന്നതിന് തെളിവാണ്.

എരുമേലിയിലെ കാഴ്ചകള്‍ തന്നെ വാവര്‍ ആരാണെന്നതിന് തെളിവാണ്. എരുമേലി അമ്പലത്തിലെ ഉത്സവം നടക്കുന്നത് തന്നെ അവിടുത്തെ മുസ്ലീം പള്ളിക്ക് ചുറ്റുമാണ് ഇത്തരം തെളിവുകള്‍ പകല്‍വെളിച്ചം പോലെയുള്ളപ്പോള്‍ ഇത്തരം വാദങ്ങള്‍ ശശികല ടീച്ചര്‍ ഉയര്‍ത്തിയത് ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍ ഏഷ്യാനെറ്റ് ന്യൂസ് ടിവിയോട് പറഞ്ഞു. ഹിന്ദുവലത് പക്ഷത്തിലെ ഒരു വിഭാഗം സൂക്ഷിക്കുന്ന ചില നിലപാടുകളാണ് ഇത്. മുസ്ലീങ്ങളുടെ നെഞ്ചത്ത് കയറിയാല്‍ മാത്രമേ ഹിന്ദു ഐക്യം നടപ്പിലാകൂ എന്ന ചിന്തയാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നു.
ഇത്തരത്തിലുള്ള വാദങ്ങള്‍ മുന്‍പും ഉയര്‍ത്താന്‍ ഇത്തരത്തിലുള്ളവര്‍ ശ്രമിച്ചിട്ടുണ്ട്. വാവര്‍ എന്നത് വാപരന്‍ എന്ന ശിവഭൂത ഗണമാണെന്ന തരത്തിലുള്ള പ്രചരണങ്ങളും ചില ഭാഗങ്ങളില്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയന്‍റ് ബ്ലാങ്കിലാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ വാവര്‍ മുസ്ലീം ആണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞത്.