ഡാൻസ് ബാറുകളിൽ മദ്യം നിരോധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

05:34 PM 21/09/2016
download
ന്യൂഡൽഹി: മദ്യം വിളമ്പാനും സി.സി.ടി.വി കാമറകൾ സ്ഥാപിക്കാതെ പ്രവർത്തിക്കാനും മഹാരാഷ്ട്രയിലെ മൂന്ന് ഡാൻസ് ബാറുകൾക്ക് സുപ്രീംകോടതി അനുമതി നൽകി. ഡാൻസ് ബാറുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയ പുതിയ നിയമത്തിനെതിരെ കോടതിയെ സമീപിച്ച ബാറുകൾക്കാണ് സുപ്രീംകോടതി പ്രവർത്താനാനുമതി നൽകിയത്.

വാദത്തിനിടെ, ഡാൻസ് ബാറുകളിൽ മദ്യം നിരോധിക്കുന്നത് അസംബന്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. രാത്രി ഒരുമണിക്ക് ശേഷവും തുറന്ന് പ്രവർത്തിക്കാൻ ബാറുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നിലനിന്നിരുന്ന പഴയ നിയമമനുസരിച്ചായിരിക്കും ഈ ബാറുകൾ പ്രവർത്തിക്കുക.

യുവതികൾ ഡാൻസ് ചെയ്യുന്ന ഇടങ്ങളിൽ മദ്യം അനുവദിക്കരുതെന്നും സി.സി.ടി.വി സ്ഥാപിക്കുന്നത് കുറ്റകൃത്യങ്ങൾ തടയുന്നതിന് പൊലീസിനെ സഹായിക്കുമെന്നുമായിരുന്നു സർക്കാറിന്‍റെ വാദം. എന്നാൽ, ഡാൻസ് ബാറുകൾ തിയറ്ററുകളല്ലെന്നും പ്രവേശന കവാടത്തിൽ മാത്രം സി.സി.ടി.വികൾ സ്ഥാപിച്ചാൽ മതിയെന്നും കോടതി നിരീക്ഷിച്ചു.

പുതിയ നിയമമനുസരിച്ച് സംസ്ഥാനത്ത് ഡാൻസ് ബാറുകൾക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ബാറുകളുടെ ഉടമസ്ഥർ കോടതിയിൽ വ്യക്തമാക്കി. ഹരജിയിൽ തുടർവാദം കേൾക്കുന്നതിനായി നവംബർ 24ലേക്ക് മാറ്റിവെച്ചു.