വിഎസിന്‌ വേണ്ടി പിണറായി ഇറങ്ങുന്നു

12:16pm 30/4/2016
download
മലമ്പുഴ: തെരഞ്ഞെടുപ്പ്‌ തൊട്ടടുത്ത്‌ നില്‍ക്കേ എതിരാളികളുടെ വിഭാഗീകത സംബന്ധിച്ച പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തി സിപിഎം നേതാക്കളായ വിഎസ്‌ അച്യുതാനന്ദനും പിണറായി വിജയനും വീണ്ടും ഒരുമിക്കുന്നു. ധര്‍മ്മടത്ത്‌ സിപിഎം നേതാവ്‌ പിണറായി വിജയന്‌ വേണ്ടി പ്രചരണത്തിനിറങ്ങിയ വിഎസിന്‌ വേണ്ടി ശനിയാഴ്‌ച പിണറായി വിജയന്‍ അദ്ദേഹം മത്സരിക്കുന്ന മലമ്പുഴയില്‍ പ്രചരണത്തിന്‌ എത്തും. മലമ്പുഴയില്‍ പിണറായി എന്തു പറയുമെന്ന ആകാംഷയിലാണ്‌ കേരളം.
പിണറായി വിഎസിന്‌ വേണ്ടി വോട്ടു ചോദിക്കാന്‍ എത്തുമ്പോള്‍ വിഎസ്‌ പോകുന്നത്‌ തന്റെ വലിയ വിമര്‍ശകരില്‍ ഒരാളായ ജി സുധാകരന്‌ വോട്ടു തേടി അമ്പലപ്പുഴയിലാണ്‌. ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ അരൂരിലും ആലപ്പുഴയിലും പ്രചരണ പരിപാടികളില്‍ പങ്കെടുത്തിരുന്ന വിഎസ്‌ തനിക്ക്‌ വോട്ടുള്ള മണ്ഡലമായ അമ്പലപ്പുഴയെ ഒഴിവാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ വിഎസ്‌ അമ്പലപ്പുഴയിലേക്ക്‌ തിരിച്ചെത്തുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇവിടെ വിഎസിന്റെ വാക്കുകള്‍ക്കായി കാക്കുകയാണ്‌ കേരളം.
ഏപ്രില്‍ 3 നായിരുന്നു അരുര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ വിഎസ്‌ പ്രചരണത്തിന്‌ എത്തിയത്‌. അന്ന്‌ ജി സുധാകരന്റെ അമ്പലപ്പുഴയിലും എത്തുമെന്ന്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നെങ്കിലും വിഎസ്‌ എത്താതെ വന്നതിനാല്‍ അമ്പലപ്പുഴ കണ്‍വെന്‍ഷന്‍ മാറ്റി വെയ്‌ക്കുകയായിരുന്നു. പിന്നീട്‌ ഇത്‌ ഉദ്‌ഘാടനം ചെയ്‌തതാകട്ടെ സംസ്‌ഥാന സെക്രട്ടറി കോടിയേരിയായിരുന്നു. ആലപ്പുഴയിലെ ഒരു പൊതു പരിപാടിയില്‍ ജി സുധാകരന്‍ ശക്‌തമായി വിമര്‍ശിച്ചതാണ്‌ വിഎസിനെ ഇക്കാര്യത്തില്‍ ചൊടിപ്പിച്ചത്‌.
വിഎസിനെ പിന്തുണയ്‌ക്കുന്നവര്‍ കള്ളുകുടിയന്മാരാണെന്നായിരുന്നു അന്ന്‌ ജി സുധാകരന്റെ പരാമര്‍ശം. ജി സുധാകരന്റെ പരിപാടി ഒഴിവാക്കിയിരുന്ന വിഎസിനെ സംസ്‌ഥാന നേതൃത്വം ഇടപെട്ട്‌ മയപ്പെടുത്തുകയായിരുന്നു. ആലപ്പുഴയിലെ മറ്റു പരിപാടികള്‍ പങ്കെടുത്ത വി എസ്‌ അമ്പലപ്പുഴയെ ഒഴിവാക്കുന്നത്‌ വിഎസിന്റെ സമ്മതിദാനമുള്ള മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്ന്‌ വ്യക്‌തമാക്കുകയായിരുന്നു.