വരള്‍ച്ച ദുരിതമായി; പതിനാലു വയസ്സുകാരി വിവാഹത്തിലേക്ക്‌

12:11pm 30/4/2016
images
ജല്‍നാ: മറ്റുള്ള പെണ്‍കുട്ടികളെപ്പോലെ ഡോക്‌ടറോ എന്‍ജിനിയറോ ആകേണ്ടതായിരുന്നു മറാത്ത്‌വാഡയിലെ ജല്‍ന ജില്ലയില്‍ നിന്നുള്ള സോനാലി റാത്തോഡും. സൊനാലിക്ക്‌ പതിനാല്‌ വയസ്സുമാത്രമേ പ്രായമുള്ളു. എന്നാല്‍ ഞായറാഴ്‌ച്ച അവളുടെ വിവാഹമാണ്‌.
തനിക്ക്‌ സ്‌കൂളില്‍ പോകണമെന്നും പഠിച്ച്‌ കഴിവ്‌ തെളിയിക്കണമെന്നും സോനാലി പറയുന്നു. എന്നാല്‍ ‘സ്വപ്‌നങ്ങള്‍ എപ്പോഴും യാഥാര്‍ത്ഥ്യമാകണമെന്നില്ലല്ലോ. പ്രത്യേകിച്ച്‌ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയാണെങ്കില്‍’ സോനാലി പറയുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കായി വരന്‍ എത്തുന്നതും കാത്തിരിക്കുകയാണ്‌ ഈ പെണ്‍കുട്ടി.
ബാലാവിവാഹം ഇവിടെ പതിവാണ്‌. വരള്‍ച്ച ഇപ്പോള്‍ ഇതിനൊരു കാരണം കൂടിയാകുന്നു. കരിമ്പ്‌ മുറിച്ചാണ്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടുചിലവ്‌ നടത്തുന്നത്‌. പെണ്‍കുട്ടി തങ്ങള്‍ക്ക്‌ ഒരു ബാധ്യതയാകുമോ എന്ന സംശയത്തില്‍ അവളെ വിവാഹം കഴിപ്പിച്ചയക്കുന്നതിനുള്ള തിരക്കിലാണ്‌ മാതാപിതാക്കള്‍.
സോനാലി മാത്രമല്ല വരര്‍ച്ച കടുത്തിരിക്കുന്ന ഈ സമയത്ത്‌ വിവാഹത്തിന്‌ തയ്യാറാകേണ്ടി വന്നിരിക്കുന്നത്‌. പതിനഞ്ചോളം ഗ്രാമങ്ങളില്‍ നിന്നായി നിരവധി ബാലവിവാഹങ്ങളാണ്‌ അടുത്തിടെ നടന്നിട്ടുള്ളത്‌.
പെണ്‍കുട്ടിക്ക്‌ വിവാഹം കഴിക്കുന്നതിനുള്ള ശരിയായ പ്രായം ഇതാണെന്ന്‌ ഇവിടുത്തുകാര്‍ പറയുന്നു. ബാലവിവാഹത്തില്‍ ഇവര്‍ യാതൊരു തെറ്റും കാണുന്നില്ല. പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച്‌ അയച്ചാല്‍ അവരെ നോക്കേണ്ടത്‌ ഭര്‍ത്താവിന്റെ മാത്രം ഉത്തരവാദിത്വമാണെന്ന്‌ മാതാപിതാക്കള്‍ പറയുന്നു.