വികസിത കേരളം എന്ന ലക്ഷ്യവുമായി എല്‍ഡിഎഫ് പ്രകടനപത്രിക

05:38pm 19/4/2016

download
തിരുവനന്തപുരം: മതനിരപേക്ഷത അഴിമതിരഹിത വികസിത കേരളം എന്ന ലക്ഷ്യവുമായി എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. 35 ഇന കര്‍മ്മ പദ്ധതികളും അതിനെ അടിസ്ഥാനമാക്കി 600 നി!ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പ്രകടന പത്രിക. വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് സിവില്‍ സപ്ലൈസ് ഔട്ട് ലെറ്റുകളില്‍ വില കൂട്ടില്ലെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
മദ്യത്തിന്റെ ഉപയോഗം ക്രമമായി കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് പത്രിക പ്രകാശനം ചെയ്ത് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ബോധവത്കരണത്തിലൂടെ പടിപടിയായി മദ്യവര്‍ജനം നടപ്പിലാക്കുമെന്നും എല്‍ഡിഎഫ് പ്രകടന പത്രിക ഉറപ്പുനല്‍കുന്നു. ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കി ഉയര്‍ത്തും. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കും. ശമ്പള പരിഷ്‌കരണം പത്ത് വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന നിര്‍ദ്ദേശം തള്ളും. അഞ്ചു വര്‍ഷം കൊണ്ട് 25 ലക്ഷംപേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പപ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തും.
കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കും. നെല്‍വയലുകള്‍ക്ക് റോയല്‍റ്റി ഏര്‍പെടുത്തും റബര്‍ റീപ്ലാന്റിങിന് ഹെക്ടറിന് ഒരു ലക്ഷം രൂപ കര്‍ഷകന് നല്‍കും. റബ്ബര്‍ത്തടിയുടെ വില്‍പന നികുതി ഒഴിവാക്കും. പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കും. 2500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം സാധ്യമാക്കും. പഞ്ചായത്തുകളില്‍ ലേബര്‍ ബാങ്ക് തയാറാക്കും. ജനകീയാസൂത്രണത്തിന്റെ രണ്ടാം പതിപ്പ് കൊണ്ടുവരും. ന്യായവില ഹോട്ടലുകളുടെ ശൃംഖല സ്ഥാപിക്കും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.