വിഖ്യാത നാടക രചയിതാവ് എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു

09:44 AM 18/09/2016
images (2)
ന്യൂയോര്‍ക്: അമേരിക്കയിലെ പ്രശസ്ത നാടകരചയിതാവും മൂന്നുതവണ പുലിറ്റ്സര്‍ പുരസ്കാര ജേതാവുമായിരുന്ന എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു. ലോക പ്രശസ്ത സാഹിത്യകാരന്മാരായ ആര്‍തര്‍ മില്ലറിനും അഗസ്റ്റസ് വില്‍സണിനും ശേഷം അമേരിക്ക കണ്ട വിഖ്യാതനായ സാഹിത്യകാരനായിരുന്നു എഡ്വേര്‍ഡ് ആല്‍ബി. ന്യൂയോര്‍ക്കിലെ ലോങ് ദ്വീപിലെ സ്വവസതിയില്‍ വെള്ളിയാഴ്ചയാണ് 88കാരനായ ആല്‍ബിയുടെ അന്ത്യമെന്ന് സുഹൃത്ത് വെളിപ്പെടുത്തി. മരണകാരണം വ്യക്തമല്ല. ‘വൂസ് അഫ്രൈഡ് ഓഫ് വിര്‍ജിനിയ വൂള്‍ഫ്’ എന്ന അദ്ദേഹത്തിന്‍െറ കൃതി ലോകപ്രശസ്തമാണ്. ഈ കൃതിക്ക് 1963ല്‍ പുലിറ്റ്സര്‍ പുരസ്കാരം നിഷേധിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.

അശ്ളീലം നിറഞ്ഞതും ലൈംഗികതക്ക് കൂടുതല്‍ പ്രാധാന്യം നിറഞ്ഞതുമാണ് നാടകമെന്നായിരുന്നു അവാര്‍ഡ് കമ്മിറ്റിയുടെ വിലയിരുത്തല്‍. എങ്കിലും മികച്ച നാടകത്തിനുള്ള ടോണി അവാര്‍ഡ് ഉള്‍പ്പെടെ ധാരാളം അവാര്‍ഡുകള്‍ ഈ നാടകം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
പിന്നീട് ഇത് സിനിമയാക്കിയപ്പോള്‍ റിച്ചാര്‍ഡ് ബര്‍ടണും എലിസബത്ത് ടെയ്ലറുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.