ഹഡ്‌സണ്‍വാലി സെന്റ് ജോസഫ് മിഷന്റെ ഓണാഘോഷവും, സി.സി.ഡി ഉദ്ഘാടനവും വര്‍ണ്ണാഭമായി

09:45 am 18/9/2016

Newsimg1_49644846
ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി സെന്റ് ജോസഫ് സീറോ മലബാര്‍ മിഷന്റെ പ്രഥമ ഓണാഘോഷവും, സി.സി.ഡി ഉദ്ഘാടനവും സെപ്റ്റംബര്‍ 11-ന് മിഷന്‍ പാരീഷ് ഹാളില്‍ വര്‍ണ്ണാഭമായി നടത്തി. ഉച്ചയ്ക്ക് ഒരുമണിക്ക് മിഷന്‍ അംഗങ്ങള്‍ തയാറാക്കിയ വിഭവസമൃദ്ധമായ സദ്യയും തുടര്‍ന്ന് പൊതുസമ്മേളനവും സി.സി.ഡി ഉദ്ഘാടനവും നടന്നു. മാവേലി മന്നന്റെ വരവേല്‍പ്, തിരുവാതിരകളി, സി.സി.ഡി കുട്ടികളുടെ വഞ്ചിപ്പാട്ട്, ഡാന്‍സ് എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വെറും അഞ്ചുമാസംകൊണ്ട് 35-ല്‍പ്പരം കുട്ടികള്‍ക്ക് സി.സി.ഡി ക്ലാസ് ഒരുക്കാന്‍ സാധിച്ചത് മിഷന് അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്.

സി.സി.ഡി കുട്ടികളുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ സി.സി.ഡി ഉദ്ഘാടന ചടങ്ങിലേക്ക് പ്രിന്‍സിപ്പല്‍ ബോബി വണ്ടാനത്ത് എല്ലാവരേയും സ്വാഗതം ചെയ്തു. മിഷന്‍ ഡയറക്ടര്‍ ഫോ. റോയിസണ്‍ മേനോലിക്കല്‍, ബോബി വണ്ടാനത്ത്, മിഷന്‍ കോര്‍ഡിനേറ്റര്‍ ജോമോന്‍ കാച്ചപ്പിള്ളി, സി. ക്ലയര്‍, സി.സി.ഡി കുട്ടികളുടെ പ്രതിനിധി ജസ്റ്റിന്‍ വാളിയംപ്ലാക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ റവ.ഫാ. ജോര്‍ജ് ഉണ്ണൂണ്ണി ഭദ്രദീപം കൊളുത്തി സി.സി.ഡി ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാ ഞായറാഴ്ചകളിലും 2.45 മുതല്‍ 3.45 വരെ സി.സി.ഡിയും തുടര്‍ന്നു വൈകുന്നേരം 4 മണിക്ക് മലയാളം കുര്‍ബാനയുമുണ്ടായിരിക്കും.

ഇന്നത്തെ സാഹചര്യത്തില്‍ പുതിയ തലമുറയ്ക്ക് മതബോധനത്തിന്റേയും, സന്മാര്‍ഗ്ഗ പരിശീലനത്തിന്റേയും ആവശ്യകതയെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ ഫാ, ജോര്‍ജ് ഉണ്ണൂണ്ണി പരാമര്‍ശിച്ചു. വളരെ ചുരുങ്ങിയ സമയംകൊണ്ട് സി.സി.ഡി ക്ലാസ് ആരംഭിക്കാന്‍ സാധിച്ചതില്‍ ഫാ. റോയിസണ്‍ അധ്യക്ഷ പ്രസംഗത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. സെപ്റ്റംബര്‍ 18-നു ഞായറാഴ്ച മുതല്‍ പതിവായി സി.സി.ഡി ക്ലാസ് ഉണ്ടായിരിക്കും.

ഓണാഘോഷം ഭംഗിയായി നടത്തുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും, വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അനു മുണ്ടപ്ലാക്കല്‍ നന്ദി അര്‍പ്പിച്ചു. തുടര്‍ന്ന് സി.സി.ഡി കുട്ടികള്‍ക്ക് സി.സി.ഡി ഭാരവാഹികളുടെ വകയായി ബായ്ക്ക് പായ്ക്കും, പുസ്തകങ്ങളും ഫാ. റോയി ചേറ്റാനിയില്‍ വിതരണം ചെയ്തു. വൈകുന്നേരം നാലോടെ പരിപാടികള്‍ സമാപിച്ചു.