വിന്‍ഡീസ് സെമിയില്‍

10:25am 26/3/2016
download (1)
നാഗ്പുര്‍: കിരീടമോഹവുമായത്തെിയ ദക്ഷിണാഫ്രിക്കയെ പൂട്ടിക്കെട്ടിനേടിയ മൂന്നാം ജയവുമായി വിന്‍ഡീസ് ട്വന്റി20 ലോകകപ്പ് ഗ്രൂപ് ഒന്നില്‍ നിന്നും സെമിയിലേക്ക്. മൂന്നു വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തപ്പോള്‍ രണ്ടു പന്തും മൂന്നു വിക്കറ്റും ബാക്കിനില്‍ക്കെയാണ് വെസ്റ്റിന്‍ഡീസുകാര്‍ കളി സ്വന്തമാക്കിയത്. ഒരു കളികൂടി ബാക്കിനില്‍ക്കെയാണ് ഗെയ്‌ലും സംഘവും സെമി ഉറപ്പിച്ചത്. മൂന്നില്‍ രണ്ടും തോറ്റ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത മങ്ങി. ഗ്രൂപ്പില്‍ വിന്‍ഡീസ് ഒന്നും ഇംഗ്‌ളണ്ട് രണ്ടാമതുമാണ്. അവസാന മത്സരത്തില്‍ ശ്രീലങ്കയാണ് ദക്ഷിണാഫ്രിക്കക്കും ഇംഗ്‌ളണ്ടിനും എതിരാളികളും.

ആദ്യ രണ്ടു കളിയിലും 200ന് മുകളില്‍ റണ്‍സടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിനെ ചുരുട്ടിക്കെട്ടിയാണ് നാഗ്പുരില്‍ വിന്‍ഡീസ് ആദ്യ മേല്‍ക്കൈ നേടിയത്.ആദ്യ ഓവറില്‍ തന്നെ ഓപണര്‍ ഹാഷിം ആംല (1) പുറത്ത്. തൊട്ടുപിന്നാലെ ഫാഫ് ഡുപ്‌ളെസിസ് (9), റിലി റോസോ (0), എ.ബി. ഡിവില്ലിയേഴ്‌സ് (10), ഡേവിഡ് മില്ലര്‍ (1) എന്നിവരെല്ലാം കൂടാരം കയറിയപ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ചിന് 47 റണ്‍സെന്ന നിലയില്‍ തകര്‍ന്നടിഞ്ഞു. വന്‍ തകര്‍ച്ചയുടെ വക്കില്‍നിന്ന് ക്വിന്റണ്‍ ഡി കോക്കും (47) ഡേവിഡ് വീസെയും (28) ക്ഷമാപൂര്‍വം ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്.

മറുപടി ബാറ്റിങ്ങില്‍ ക്രിസ് ഗെയ്ല്‍ (4) ഓപണിങ് ഓവറില്‍ മടങ്ങിയെങ്കിലും ജോണ്‍സണ്‍ ചാള്‍സും (32) ആന്ദ്രെ ഫ്‌ളെച്ചറും (11) മര്‍ലോണ്‍ സാമുവല്‍സും (44) ചേര്‍ന്ന് വിന്‍ഡീസിനെ വിജയത്തോടടുപ്പിച്ചു. ഇടക്ക് വീണ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ദുര്‍ബലമായ ലക്ഷ്യം മറികടക്കാന്‍ വിന്‍ഡീസിന് തടസ്സമായില്ല.