വിമാനാപകടത്തിനു ശേഷം നേതാജി മൂന്നു തവണ റേഡിയോ പ്രക്ഷേപണം നടത്തിയെന്നു രഹസ്യരേഖകള്‍.

09:05am 01/4/2016

download
ന്യൂഡല്‍ഹി: 1945ല്‍ തായ്വാനിലുണ്ടായ വിമാന ദുരന്തത്തിനു ശേഷം നേതാജി സുഭാഷ് ചന്ദ്രബോസ് റേഡിയോ പ്രക്ഷേപണം നടത്തിയിരുന്നതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട രഹസ്യരേഖകള്‍. ബംഗാളിലെ ഗവര്‍ണര്‍ ഹൗസില്‍ നിന്നും ലഭിച്ച രഹസ്യ ഫയലുകളിലാണ് വിമാനാപകട ശേഷം മാസങ്ങള്‍ക്കിടെ മൂന്നു തവണ നേതാജി റേഡിയോ സന്ദേശം നല്‍കിയതായി പറയുന്നത്. 1945 ഡിസംബര്‍ 26ന് നടത്തിയ ആദ്യ പ്രക്ഷേപണത്തില്‍ ലോക വന്‍ശക്തികളുടെ തണലിലാണ് ഇപ്പോഴുള്ളതെന്നും ഇന്ത്യക്കായി തന്റെ ഹൃദയം പിടക്കുകയാണെന്നും പറയുന്നുണ്ട്. 10 വര്‍ഷത്തിനുള്ളില്‍ മൂന്നാം ലോകയുദ്ധമുണ്ടാകുമെന്നും യുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നും നേതാജി പ്രത്യാശ പ്രകടിപ്പിക്കുന്നു.
1946 ജനുവരി ഒന്നിന് നടത്തിയ രണ്ടാം പ്രക്ഷേപണത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്.
അതേവര്‍ഷം ജൂലൈയില്‍ ഗാന്ധിയുടെ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന ഖുര്‍ഷിദ് നവറോജി അയച്ച കത്തില്‍ റഷ്യയുടെ സഹായത്തോടെ നേതാജി തിരിച്ചുവന്നാലുള്ള ഭീഷണിയെ കുറിച്ച സൂചന നല്‍കുന്നുണ്ട്. 1945 ആഗസ്റ്റ് 18നാണ് നേതാജി കൊല്ലപ്പെട്ടുവെന്ന് കരുതുന്ന വിമാനാപകടമുണ്ടാകുന്നത്. എന്നാല്‍, ഒരു മാസം കഴിഞ്ഞ് ബോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതായി രേഖകളിലുണ്ട്.