വിമുക്തഭടന്‍ ആത്മഹത്യ ചെയ്തതിനെ രക്തസാക്ഷിത്വമായി ചിത്രീകരിക്കുന്നതിനെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നടത്തിയ പരാമര്‍ശം വിവാദമായി.

07:36 am 5/11/2016

images (2)

ചണ്ഡിഗഢ്: ‘ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍’ പദ്ധതിയിലെ അപാകതയില്‍ പ്രതിഷേധിച്ച് രാം കിഷന്‍ ഗ്രെവാള്‍ എന്ന വിമുക്തഭടന്‍ ആത്മഹത്യ ചെയ്തതിനെ രക്തസാക്ഷിത്വമായി ചിത്രീകരിക്കുന്നതിനെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നടത്തിയ പരാമര്‍ശം വിവാദമായി. അതിര്‍ത്തിയില്‍ യുദ്ധത്തില്‍ ജീവന്‍ വെടിയുന്നവരെയാണ് രക്തസാക്ഷികള്‍ എന്നു വിശേഷിപ്പിക്കുന്നത്. അല്ലാതെ, ആത്മഹത്യ ചെയ്ത വിമുക്ത ഭടനെയല്ല എന്നായിരുന്നു ഖട്ടറിന്‍െറ പ്രസ്താവന.

സംസ്ഥാനത്തിന്‍െറ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കിടയിലായിരുന്നു പരാമര്‍ശം. ധീരനായ പട്ടാളക്കാരന്‍ ആത്മഹത്യ ചെയ്യില്ളെന്നും കുടുംബ പ്രശ്നങ്ങളായിരിക്കാം രാം കിഷനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും ഖട്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും വിമുക്തഭടന്മാരും രംഗത്തുവന്നു.

പ്രസ്താവന പിന്‍വലിച്ച് ഖട്ടര്‍ മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സര്‍ജേവാല ആവശ്യപ്പെട്ടു. അധികാരം തലക്കു പിടിച്ച ഖട്ടര്‍ ധിക്കാരത്തോടെ അസത്യങ്ങള്‍ പുലമ്പുകയാണെന്നും സര്‍ജേവാല ആഞ്ഞടിച്ചു. ഖട്ടര്‍ വിമുക്തഭടന്മാരുടെ സമൂഹത്തെ ഒന്നടങ്കം ആക്ഷേപിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റു ചെയ്തു. രാം കിഷന്‍ ഗ്രെവാളിന് ഡല്‍ഹി സര്‍ക്കാര്‍ രക്തസാക്ഷി പദവി നല്‍കുമെന്നും കെജ്രിവാള്‍ വാര്‍ത്താ ചാനലുകളോട് പറഞ്ഞു.

യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരെ മാത്രമല്ല, ജനങ്ങള്‍ക്കുവേണ്ടി മരിക്കുന്നവരും രക്തസാക്ഷികളാണെന്നും വിമുക്തഭടന്മാരുടെ സമൂഹത്തിനുവേണ്ടിയാണ് രാം കിഷന്‍ ജീവന്‍ വെടിഞ്ഞതെന്നും അങ്ങനെയൊരാളെ മുഖ്യമന്ത്രി അപമാനിച്ചത് ഖേദകരമാണെന്നും റിട്ട. സൈനിക ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ കിരണ്‍ കൃഷന്‍ പറഞ്ഞു.

രാം കിഷന്‍െറ ആത്മഹത്യയെ രക്തസാക്ഷിത്വമായി ചിത്രീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ഖട്ടറിനു പിന്നാലെ സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജും രംഗത്തുവന്നു. രാം കിഷന്‍െറ ആത്മഹത്യയുടെ കാരണം ശരിയാണെങ്കിലും അദ്ദേഹത്തെ രക്തസാക്ഷിയായി ചിത്രീകരിക്കുന്നത് ശരിയല്ളെന്നായിരുന്നു മന്ത്രിയുടെ വാദം. പ്രതിഷേധത്തിന് നിരവധി മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കെ ആത്മഹത്യ തെരഞ്ഞെടുത്ത ഒരാളെ രക്തസാക്ഷിയാക്കാന്‍ കഴിയില്ളെന്നും അനില്‍ വിജ് കൂട്ടിച്ചേര്‍ത്തു.