വിശുദ്ധ കോതമംഗലം ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ വാണാക്യു സെന്റ് ജയിംസ് ദേവാലയത്തില്‍

07:14 pm 1/10/2016

– ബിജു ചെറിയാന്‍
Newsimg1_58107191
ന്യൂജേഴ്‌സി: വാണാക്യു സെന്റ് ജയിംസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്്‌സ് ദേവാലയത്തില്‍ വിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ (കോതമംഗവം ബാവ) 331-മത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ രണ്ടാം തീയതി ഞായറാഴ്ച ക്‌നാനായ ആര്‍ച്ച് ഡയോസിസിന്റെ അമേരിക്കന്‍ റീജിയന്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. മലങ്കര സഭയില്‍ സത്യവിശ്വാസം പരിരക്ഷിക്കുവാന്‍ എ.ഡി 1685-ല്‍ മലങ്കരയിലേക്ക് എഴുന്നെള്ളി വന്ന കിഴക്കിന്റെ കാതോലിക്കയായിരുന്നു വിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവ. പരി. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവയുടെ നിര്‍ദേശ പ്രകാരമാണ് ബസേലിയോസ് ബാവ മലങ്കരയിലെത്തിയത്. കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയിലാണ് വിശുദ്ധന്‍ അന്ത്യവിശ്രമംകൊള്ളുന്നത്. കോതമംഗലം ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ സെന്റ് ജയിംസ് ദേവാലയത്തിന്റെ സ്ഥാപനകാലം മുതല്‍ വളരെ പ്രധാന്യത്തോടെ നടത്തുന്ന പെരുന്നാളുകളിലൊന്നാണ് ബസേലിയോസ് ബാവയുടേത്.

ഒക്‌ടോബര്‍ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് ദൈവാലയത്തില്‍ എത്തിച്ചേരുന്ന അഭി. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയെ പരമ്പരാഗതമായ രീതിയില്‍ സ്വീകരിച്ച് ആനയിക്കും. 9.15-ന് പ്രഭാത പ്രാര്‍ത്ഥനയും, 10 മണിക്ക് വിശുദ്ധ കുര്‍ബാനയും, വിശുദ്ധനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലും, ഫാ. ഡോ. എ.പി ജോര്‍ജിന്റെ സഹകാര്‍മികത്വത്തിലും നടത്തപ്പെടും. 11.30-നു പ്രദക്ഷിണവും അതെ തുടര്‍ന്ന് ആശീര്‍വാദവും നേര്‍ച്ചവിളമ്പും നടത്തപ്പെടും. സ്‌നേഹവിരുന്നോടെ പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിക്കും. ഫാ. ആകാശ് പോള്‍, പൗലോസ് കെ. പൈലി, യല്‍ദോ വര്‍ഗീസ്, സിമി ജോസഫ്, മെവിന്‍ തോമസ് എന്നിവരും കുടുംബങ്ങളുമാണ് ഇത്തവണത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്. പെരുന്നാള്‍ ആഘോഷപരിപാടികള്‍ക്ക് വികാരി ഫാ. ആകാശ് പോള്‍, പൗലോസ് കെ. പൈലി (വൈസ് പ്രസിഡന്റ്), രഞ്ചു സക്കറിയ (സെക്രട്ടറി), യല്‍ദോ വര്‍ഗീസ് (ട്രസ്റ്റി), കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. നേര്‍ച്ചകാഴ്ചകളോടെ വിശുദ്ധന്റെ പെരുന്നാളില്‍ സംബന്ധിക്കാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു.