വെര്‍ദുന്‍ കുരുതിയുടെ ഓര്‍മപുതുക്കി മെര്‍ക്കലും ഓലന്‍ഡും

10:05am 30/05/2016
mercal
പാരിസ്: രണ്ടാം ലോകയുദ്ധത്തിലെ ഏറ്റവും രക്തരൂഷിതമായ ഏറ്റുമുട്ടല്‍ നടന്ന വെര്‍ദുനില്‍ സമാധാനത്തിന്‍െറ വെള്ളരിപ്രാവുകളുമായി ജര്‍മനിയുടെയും ഫ്രാന്‍സിന്‍െറയും ഭരണസാരഥികള്‍ സംഗമിച്ചു. 1916ല്‍ 10 മാസം നീണ്ട പോരാട്ടത്തില്‍ മൂന്നുലക്ഷം ജീവനുകളാണ് വെര്‍ദുനില്‍ ഹോമിക്കപ്പെട്ടത്. വെര്‍ദുന്‍ കുരുതിയുടെ 100ാം വര്‍ഷികമായിരുന്നു ഞായറാഴ്ച. അന്ന് ഇരുപക്ഷത്തും ശത്രുക്കളുമായി അണിനിരന്ന് പരസ്പരം അംഗംവെട്ടിയ ഫ്രാന്‍സിന്‍െറയും ജര്‍മനിയുടെയും പടയാളികളുടെ പിന്‍ഗാമികള്‍ ഞായറാഴ്ച വിര്‍ദുനില്‍ സമാധാനാശംസകള്‍ കൈമാറി. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡും യുദ്ധത്തില്‍ മരിച്ചുവീണവര്‍ക്കുവേണ്ടി പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചു. യൂറോപ്പിനിന്ന് ഒരുമയും സമാധാനവുമാണ് അനിവാര്യമെന്നും യുദ്ധാനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഫ്രാന്‍സിന്‍െറ ക്ഷണം ഉഭയകക്ഷി ബന്ധങ്ങളുടെ ആഴത്തിലേക്കാണ് സൂചന നല്‍കുന്നതെന്നും മെര്‍ക്കല്‍ പ്രസ്താവിച്ചു.
1984ലെ അനുസ്മരണച്ചടങ്ങില്‍ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളും ഫ്രഞ്ച് പ്രസിഡന്‍റ് മിത്തറാങ്ങും ഫ്രഞ്ച് ദേശീയഗാനാലാപന പശ്ചാത്തലത്തില്‍ പരസ്പരം കൈകോര്‍ത്തത് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഓലന്‍ഡ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. ‘കോളിന്‍െറയും മിത്തറാങ്ങിന്‍െറയും ഹസ്തദാനം അനുരഞ്ജനത്തിന്‍െറയും പ്രത്യാശയുടെയും പ്രതീകമായിരുന്നുവെന്ന് ഓലന്‍ഡ് വ്യക്തമാക്കി. യൂറോപ്പിന്‍െറ ഭദ്രത നിലനിര്‍ത്താന്‍ ഇരുരാഷ്ട്രങ്ങളും ഉത്തമവിശ്വാസത്തോടെ യത്നിക്കാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം വന്‍കരയില്‍ ശക്തിപ്പെടുന്ന തീവ്ര ദേശീയവാദത്തിനെതിരായ മുന്നറിയിപ്പുകളും നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അനുസ്മരണ ചടങ്ങുകള്‍ക്കുശേഷം അഭയാര്‍ഥി പ്രതിസന്ധി, യൂറോപ്യന്‍ യൂനിയനുമായി ബന്ധം വിച്ഛേദിക്കുന്നതിന് മുന്നോടിയായി ബ്രിട്ടന്‍ ജൂണ്‍ 23ന് നടത്തുന്ന ഹിതപരിശോധന തുടങ്ങിയ വിഷയങ്ങള്‍ ആധാരമാക്കി മെര്‍ക്കലും ഓലന്‍ഡും പാരിസില്‍ ചര്‍ച്ച നടത്തും.