വൈറ്റില ജംഗ്ഷന്‍ മനസ്സുവച്ചാല്‍ കുരുക്കഴിക്കാം

09:33 pm 8/4/2017

(പി.സി. സിറിയക് ഐ.എ.എസ്)


കൊച്ചി നഗരത്തിന്റെ കിഴക്കേ പ്രവേശനകവാടമാണ് തിരക്കുപിടിച്ച വൈറ്റില ജംഗ്ഷന്‍. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്ന്. എറണാകുളം – കോട്ടയം റെയില്‍വേ ലൈനും, ആലുവ – തൃപ്പൂണിത്തുറ മെട്രോ റെയില്‍ ലൈനും വൈറ്റില ജംഗ്ഷനു സമീപത്തുകൂടെ കടന്നുപോകുന്നു. സംസ്ഥാന ഹൈവേകളും നാഷണല്‍ ഹൈവേയും ഇവിടെ സന്ധിക്കുന്നു. ജലഗതാഗത ടെര്‍മിനലും വൈറ്റിലയിലുണ്ട്. വിവിധ ഗതാഗത മാര്‍ഗങ്ങള്‍ ഏകോപിപ്പിച്ച് ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ യാത്രാസൗകര്യം ലഭ്യമാക്കാനുള്ള എല്ലാ സാധ്യതകളും വൈറ്റിലയിലുണ്ട്. ഇതു മനസ്സിലാക്കിയാണ് വൈറ്റിലയില്‍ ഒരു വലിയ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ – റോഡ്, റെയില്‍, മെട്രോ റെയില്‍, ബോട്ട് തുടങ്ങിയ വിഭിന്ന ഗതാഗത സംവിധാനങ്ങള്‍ മാറിക്കയറി ഉപയോഗിക്കാനുള്ള വേദി – “വൈറ്റില മൊബിലിറ്റി ഹബ്ബ്’ എന്ന പേരില്‍ ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. ഭാഗ്യവശാല്‍ 30 ഏക്കറോളം സര്‍ക്കാര്‍ ഭൂമി ഇവിടെ ലഭ്യമായി. 2011-ല്‍ ഇടത് സര്‍ക്കാരിന്റെ അവസാനകാലത്ത് വൈറ്റില മൊബിലിറ്റി ഹബ്ബ് വികസിപ്പിക്കാന്‍ തീരുമാനമെടുത്തു. ജില്ലാ കളക്ടര്‍ ഡോ. ബീനയുടെ നേതൃത്വത്തില്‍ ആദ്യഘട്ടമായി ഒരു ബസ് സ്റ്റാന്റ് ഇവിടെ രൂപപ്പെടുത്തി. ദീര്‍ഘദൂര ബസ്സുകള്‍ പലതും ബൈപ്പാസ് റോഡിലൂടെ വൈറ്റില മൊബിലിറ്റി ഹബ്ബിലെത്തി ബൈപ്പാസ് വഴിതന്നെ യാത്ര തുടരുന്ന സ്ഥിതിയുണ്ടായി. ഈ വണ്ടികള്‍ പലതും വലിയ ആവശ്യമൊന്നുമില്ലാതെ നഗരഹൃദയത്തിലുള്ള കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലേക്ക് പോകുകയും തിരിച്ചെത്തുകയും ചെയ്ത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സമയനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്ന സ്ഥിതി ഒഴിവാക്കിയെടുത്തു. ഇനി മൊബിലിറ്റി ഹബ്ബിന്റെ അടുത്ത ഘട്ടം ഉടന്‍ നടക്കുമെന്ന് ജനം പ്രതീക്ഷിച്ചു.

2011-ല്‍ അധികാരമേറ്റ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മൊബിലിറ്റി ഹബ്ബില്‍ ഒരു വികസനപ്രവര്‍ത്തനവും നടന്നില്ല. 330 കോടി രൂപയുടെ ഒരു പദ്ധതി തയ്യാറാക്കിയത് മിച്ചം. പൊതുമേഖലയില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. യാത്രക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതോടൊപ്പം വാണിജ്യാവശ്യത്തിനായി ഓഫീസുകളും കടകളും കൂടി നിര്‍മ്മിച്ച് വാടകയ്ക്കു നല്‍കി സ്വന്തംകാലില്‍ നില്‍ക്കുന്ന സ്ഥിതി മൊബിലിറ്റി ഹബ്ബിനുണ്ടാകണം എന്നായിരുന്നു വിവക്ഷ. സുതാര്യമായ ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ ഈ പദ്ധതിയില്‍ മുതല്‍ നിക്ഷേപിക്കാനും ഹബ്ബിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും അതിന്റെ ഭരണച്ചുമതല വഹിക്കാനുമുള്ള അവകാശം കഴിവു തെളിയിച്ച സ്വകാര്യമേഖലാ സംരംഭകര്‍ക്കു നല്‍കണം എന്ന നിര്‍ദ്ദേശവും കേരളത്തില്‍ പതിവായി കാണുന്ന വിവാദ നീര്‍ക്കയങ്ങളില്‍ ഉള്‍പ്പെട്ട് ഒരു തീരുമാനവും എടുക്കാതെ അഞ്ചുവര്‍ഷം കടന്നുപോയി. മൊബിലിറ്റി ഹബ്ബ് ഒരു വെറും ബസ്സ്റ്റാന്റ് എന്ന നിലയില്‍ തുടരുകയും ചെയ്തു.

ഇപ്പോഴിതാ വീണ്ടും ചില ചലനങ്ങള്‍. കൊച്ചി മെട്രോ റെയില്‍ കമ്പനിയെ മൊബിലിറ്റി ഹബ്ബിന്റെ ചുമതല ഏല്‍പ്പിച്ചുകൊടുക്കാം എന്ന തീരുമാനം ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ എടുത്തുകഴിഞ്ഞിരിക്കുന്നു എന്നാണ് സൂചന. അതിനിടയ്ക്ക് മെട്രോ റെയില്‍ പദ്ധതിയുടെ ഒരു സ്റ്റേഷന്റെ പണി മൊബിലിറ്റി ഹബ്ബില്‍ തുടങ്ങിയിട്ടുമുണ്ട്. എന്നിട്ടും തിരക്കേറിയ വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് അഴിച്ചെടുക്കാനാവശ്യമായ നടപടികളെടുക്കാനോ ജംഗ്ഷനില്‍ ഒരു ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കാനോ ഒരു ശ്രമവും ആരും നടത്തുന്നില്ല.

കൊച്ചി വാര്‍ത്ത മുന്‍പ് നല്‍കിയിരുന്ന ലളിതമായ ചില നിര്‍ദ്ദേശങ്ങള്‍ വീണ്ടും ആവര്‍ത്തിക്കട്ടെ.
1. മെട്രോ റെയില്‍ പദ്ധതിയുടെ പണിക്കോ ഫ്‌ളൈഓവര്‍ പദ്ധതിയുടെ പണിക്കോ തടസ്സം ഉണ്ടാകാത്തരീതിയില്‍, അതേസമയം നിലവിലുള്ള ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനുള്ള ചില ചില്ലറ മാറ്റങ്ങള്‍:
എസ്.എ. റോഡില്‍ നിന്നും തൃപ്പൂണിത്തുറ റോഡിലേക്ക് വാഹനങ്ങള്‍ കടന്നുപോകുന്ന സിഗ്നല്‍ സമയത്തുതന്നെ എസ്.എ. റോഡില്‍നിന്നും മൊബിലിറ്റി ഹബ്ബിലേക്ക് പോകാനുള്ള കണിയാമ്പുഴ റോഡിലേക്കും ബസ്സുകളും വാഹനങ്ങളും കടന്നുപോകാനുള്ള സംവിധാനം ഏര്‍പ്പെടുത്താം. ഇതിനുവേണ്ടി ജംഗ്ഷനിലെ ട്രാഫിക് ഐലന്റ് മുറിച്ച് അതുവഴി എസ്.എ. റോഡില്‍നിന്നും നേരിട്ട് കണിയാമ്പുഴ റോഡിലേക്ക് വഴിയൊരുക്കുക. ഇതോടെ വൈറ്റില ജംഗ്ഷനില്‍നിന്ന് സിഗ്നല്‍ കടന്ന് പാലാരിവട്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇന്ന് നേരിടേണ്ടിവരുന്ന രണ്ടാമത്തെ സിഗ്നല്‍ നീക്കം ചെയ്യാന്‍ കഴിയും. ഇതോടൊപ്പം ചെയ്യാവുന്ന മറ്റൊരു കാര്യം – ഇന്ന് മൊബിലിറ്റി ഹബ്ബില്‍നിന്നും പുറത്തേക്കിറങ്ങുന്ന വാഹനങ്ങള്‍ തൃപ്പൂണിത്തുറ റോഡിലേക്കാണ് ഇറങ്ങുന്നത്. ഇവിടെ ഇടതുവശത്തേക്ക് നീങ്ങി തൃപ്പൂണിത്തുറ – കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇപ്പോഴത്തേതുപോലെ ഭാവിയിലും തുടരണം. പക്ഷേ, ഹബ്ബില്‍നിന്നും തൃപ്പൂണിത്തുറ റോഡില്‍ ഇറങ്ങി വലത്തേക്ക് തിരിയേണ്ടിവരുന്ന വാഹനങ്ങള്‍ക്ക് ഹബ്ബില്‍നിന്നും പുറത്തിറങ്ങാന്‍ മറ്റൊരു വഴി ഉണ്ടാക്കിക്കൊടുക്കാം. അങ്ങനെ ഹബ്ബില്‍നിന്നും പുറത്തേക്കിറങ്ങി വലത്തേക്കു വരുന്ന വാഹനങ്ങളുണ്ടാക്കുന്ന തടസ്സം ഇല്ലാതാക്കണം. ഈ വാഹനങ്ങള്‍ ഹബ്ബില്‍നിന്ന് പുറത്തേക്കിറങ്ങി കണിയാമ്പുഴ റോഡിലൂടെതന്നെ വൈറ്റില ജംഗഷനിലെത്താന്‍ കഴിയും. ഇതിനുവേണ്ടി കണിയാമ്പുഴ റോഡിന്റെ വീതി ഇരട്ടിയാക്കണം. ഇതിനാവശ്യമായ സ്ഥലം ഭാഗ്യവശാല്‍ അവിടെ ലഭ്യമാണ്. പാര്‍ക്കിംഗിനുവേണ്ടി ഉപയോഗിക്കുന്ന സ്ഥലം കണിയാമ്പുഴ റോഡ് വീതികൂട്ടാനായി ഉപയോഗപ്പെടുത്താം. കണിയാമ്പുഴ റോഡ് ബൈപ്പാസ് റോഡിലേയ്‌ക്കെത്തുന്ന സ്ഥലത്ത് സ്ഥാപിക്കുന്ന സിഗ്നല്‍ അനുസരിച്ച് കണിയാമ്പുഴ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ ഇടത്തോട്ടോ വലത്തോട്ടോ ബൈപ്പാസ് റോഡില്‍ തിരിയാന്‍ കഴിയും. നേരെ എസ്.എ. റോഡിലേക്കും പ്രവേശിക്കാന്‍ കഴിയും.

2. മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഫ്‌ളൈഓവര്‍ നിര്‍മ്മിക്കാനുള്ള ഒരു പ്ലാന്‍ വൈറ്റില നിവാസിയായ അനൂപ് ഫ്രാന്‍സിസ് തയ്യാറാക്കിയതിന്റെ ഒരു രേഖാചിത്രം ഇവിടെ കൊടുക്കുന്നു. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാല്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇന്നു വൈറ്റിലയില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിയെടുക്കാന്‍ കഴിയും.