വൈസ് മെന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചാരിറ്റി ഡിന്നര്‍ ഫണ്ട് റെയ്‌സിങ് വന്‍വിജയകരമായി

01:01pm 13/4/2016

ജോയിച്ചന്‍ പുതുക്കുളം
ysmensclub_pic0
ന്യൂയോര്‍ക്ക് : വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ചു നടത്തപ്പെട്ട ചാരിറ്റി ഡിന്നര്‍ കലാസന്ധ്യ അര്‍ത്ഥഗംഭീരമായി. ഫ്‌ളോറല്‍ പാര്‍ക്ക് ക്ലബ്ബാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. മറ്റു ക്ലബ്ബ് അംഗങ്ങളും നൂറുകണക്കിന് അതിഥികളും പങ്കെടുത്തു.

വൈസ് മെന്‍സ് ക്ലബ്ബിന്റെ യു.എസ്.ഏരിയ പ്രസിഡന്റ് ചാര്‍ലി റെഡ്മന്‍, നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ഡയറക്ടര്‍ ഷാജു സാം, നോര്‍ത്ത് വെല്‍ ഹെല്‍ത്ത് സിസ്റ്റം ഡയറക്ടര്‍ ഡോ.ഏര്‍ണസ്‌റ്റോ മൊമന്റ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച യോഗത്തില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമേല്‍ മുഖ്യപ്രഭാഷണം നടത്തി.

വെറുതെ ജീവിച്ചു തീര്‍ക്കലല്ല നമ്മുടെ ജീവിതം കൊണ്ട് അര്‍ത്ഥമാക്കുന്നത്. മറ്റുള്ളവര്‍ക്കുവേണ്ടി പങ്കുവെയ്ക്കുമ്പോഴാണ് യഥാര്‍ത്ഥ സന്തോഷം അനുഭവവേദ്യമാകുന്നത്. ന• ചെയ്യാന്‍ കിട്ടുന്ന ഒരു അവസരമാണ് നമുക്കു ദൈവം വെച്ചു നീട്ടുന്നത്. കൊടുക്കുമ്പോഴാണ് നമ്മുടെ ലോകത്തിലെ ജീവിതത്തിനു അസ്ഥിത്വം ഉണ്ടാകുന്നത് ഫാ.ചിറമേല്‍ കൂട്ടിച്ചേര്‍ത്തു. ഫാ.ചിറമേലിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ലിസ അഗസ്റ്റിന്‍ ഫാ. ചിറമേലിനെ പരിചയപ്പെടുത്തി.

ക്ലബ്ബ് പ്രസിഡന്റ് പോള്‍ ചുള്ളിയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയണല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ് സ്വാഗതവും ക്ലബ്ബ് ട്രഷറര്‍ ജിക്കു ജേക്കബ് കൃതജ്ഞതയും പറഞ്ഞു. കോര്‍ഡിനേറ്റര്‍ ഡോ. അലക്‌സ് മാത്യു പദ്ധതികള്‍ വിശദീകരിച്ചു. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട കലാസന്ധ്യ ആകര്‍ഷകമായി.

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കര്‍മ്മപദ്ധതികള്‍ക്കുള്ള ധനസഹായം യോഗത്തില്‍ വെച്ച് ഫാ.ചിറമേല്‍ സ്വീകരിച്ചു. ‘സേവ് എ ഹാര്‍ട്ട്’ എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും സഹകരണത്തോടെ നിര്‍ദ്ധനരായ കുട്ടികളുടെ ഹൃദയശസ്ത്രക്രിയക്കുള്ള ധനസഹായം ക്ലബ്ബ് ഏറ്റെടുത്തിരിക്കുകയാണ്.