ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ വിമര്‍ശിച്ച് സ്വാമി സ്വരൂപാനന്ദ് സരസ്വതി

SwaroopanandSaraswatii_0704

മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ വിമര്‍ശിച്ച് ദ്വാരകശാരദ പീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി. ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം ബലാത്സംഗം പോലെയുള്ള അതിക്രമങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് അവര്‍ക്കു നാശം ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാപ ഗ്രഹങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ് ശനി. ശനിയെ ആരാധിക്കുന്നത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുമെന്നും ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി പറഞ്ഞു.
സ്വാമിയുടെ പ്രസ്തവനയെ വിമര്‍ശിച്ച് സ്ത്രീ സംഘടനകള്‍ രംഗത്തെത്തി. മഹാരാഷ്ട്രയിലെ പുതുവത്സരദിനത്തിലാണ് (ഗുഡി പഡ്‌വ) 400 വര്‍ഷം പഴക്കമുള്ള വിലക്ക് നീക്കിയിരുന്നത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീ-പുരുഷഭേദമെന്യേ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ക്ഷേത്രം ട്രസ്റ്റ് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.