ശബരിമലയിലേത് ഭരണഘടനയും വിശ്വാസവും തമ്മിലുള്ള തര്‍ക്കമല്ല സുപ്രീംകോടതി

07:05am 23/04/2016
download (4)
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശം ഭരണഘടനയും വിശ്വാസവും തമ്മിലുള്ള തര്‍ക്കമല്‌ളെന്ന് സുപ്രീംകോടതി. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കണമെന്ന തന്റെ വാദം അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ വെള്ളിയാഴ്ച ഉപസംഹരിച്ചപ്പോഴാണ് ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിലെ വിലക്കുമായി ബന്ധപ്പെട്ട് ബെഞ്ചിനുള്ള ഭിന്നാഭിപ്രായവും വെള്ളിയാഴ്ച പുറത്തുവന്നു.
ഭരണഘടനയുടെ 25ാം അനുച്ഛേദം അനുവദിക്കുന്ന, വ്യക്തിയുടെ മതസ്വാതന്ത്ര്യവും 26ാം അനുച്ഛേദം സംരക്ഷിക്കുന്ന മതത്തിന്റെ സംഘടിതരൂപവും തമ്മിലുള്ള തര്‍ക്കമാക്കി ശബരിമല കേസിനെ കാണരുത് എന്ന് അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ വാദിച്ചു. ശബരിമലയില്‍ സ്ത്രീ പ്രവേശിക്കുകയെന്നത് വ്യക്തിപരമായ മതസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. എന്നാല്‍, സ്ത്രീക്കുള്ള വിലക്ക് നിലനിര്‍ത്തേണ്ടത് മതത്തിന്റെ സംഘടിതരൂപത്തിന്റെ സംരക്ഷണമല്ല. സ്ത്രീയുടെ ശബരിമലപ്രവേശംകൂടി അടങ്ങുന്നതാണ് മതത്തിന്റെ സംഘടിതരൂപത്തിന്റെ സംരക്ഷണം.
മതവിശ്വാസമാണോ ഭരണഘടനയാണോ മുകളില്‍ എന്നതല്ല, ഭരണഘടന അനുവദിക്കുന്ന വിശ്വാസസ്വാതന്ത്ര്യം എല്ലാ വ്യക്തികള്‍ക്കും ബാധകമല്‌ളേ എന്നതാണ് ശബരിമല കേസിന്റെ മര്‍മമെന്നും അമിക്കസ്‌ക്യൂറി ബോധിപ്പിച്ചു. ഇത് ശരിവെച്ചാണ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടനയും വിശ്വാസവും തമ്മിലുള്ള തര്‍ക്കമല്ല ശബരിമല കേസ് എന്ന് വ്യക്തമാക്കിയത്.
ഭരണഘടനയാണോ വിശ്വാസമാണോ വലുതെന്ന ചോദ്യമാണ് ശബരിമല കേസുയര്‍ത്തുന്നതെന്ന് ബെഞ്ചിലുള്ള ജസ്റ്റിസ് കുര്യന്‍ ജോസഫ് നേരത്തേ അഭിപ്രായപ്പെട്ടതിന് വിരുദ്ധമാണ് വെള്ളിയാഴ്ച സുപ്രീംകോടതി നടത്തിയ നിരീക്ഷണം. ശബരിമല കേസുമായി ബന്ധപ്പെട്ട് ബെഞ്ചിലുള്ള ജസ്റ്റിസുമാരായ ദീപക് മിശ്രക്കും കുര്യന്‍ ജോസഫിനും അഭിപ്രായഭിന്നതയിലേക്ക് സൂചനനല്‍കുന്ന മറ്റൊരു നിരീക്ഷണവും വെള്ളിയാഴ്ച സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
മൗലികാവകാശ ലംഘനത്തിന് ഭരണഘടനയുടെ 226ാം വകുപ്പ് പ്രകാരം ഹൈകോടതിയെ സമീപിച്ച ഒരു കേസില്‍ ഹൈകോടതി നടത്തിയ വിധി ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാന്‍ പറ്റുമോ എന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വെള്ളിയാഴ്ച സംശയംപ്രകടിപ്പിച്ചപ്പോള്‍ അങ്ങനെ പറ്റുമെന്നും അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങളുണ്ടെന്നും ജസ്റ്റിസ് ദീപക് മിശ്രതന്നെ മറുപടിനല്‍കുകയായിരുന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ഈ സംശയത്തിന് അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രനും പല കേസുകളുദ്ധരിച്ച് മറുപടിനല്‍കി. ശബരിമലയിലെ പ്രതിഷ്ഠക്ക് സ്ത്രീകളെ കാണുന്നത് ഇഷ്ടമില്‌ളെങ്കിലോ എന്ന് മുമ്പ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചോദിച്ചപ്പോള്‍ അത്തരം വാദത്തില്‍ പ്രസക്തിയില്‌ളെന്നും പ്രതിഷ്ഠയെ പരിപാലിക്കുന്നവരാണ് ഇത്തരം ഇഷ്ടാനിഷ്ടങ്ങള്‍ തീരുമാനിക്കുന്നതെന്നുമുള്ള വാദം അംഗീകരിക്കുകയാണ് ജസ്റ്റിസ് ദീപക് മിശ്ര ചെയ്തത്.