ശബരിമലയിൽ സ്ത്രീ പ്രവേശനമാകാമെന്ന് സർക്കാർ

12.55 AM 08/11/2016
home_banner
ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനമാകാമെന്ന് സർക്കാർ സുപ്രീംകോടതിയിയെ അറിയിച്ചു. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് വ്യക്‌തമാക്കിയത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ സത്യവാങ്മൂലത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും യുഡിഎഫ് ഭരണകാലത്തെ സത്യവാങ്മൂലം കാര്യമാക്കേണ്ടെന്നും സർക്കാർ വ്യക്‌തമാക്കി. ശബരിമലയിൽ നിലവിലുള്ള ആചാരങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ നിലപാട്. എന്നാൽ എല്ലാ സ്ത്രീകൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്നും ഒരു വിഭാഗത്തെ മാത്രമായി തടയാനാവില്ലെന്നുമാണ് എൽഡിഎഫ് നയം.

ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാമെന്നായിരുന്നു 2008ൽ അന്നത്തെ എൽഡിഎഫ് സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നത്. എന്നാൽ പിന്നീടുവന്ന യുഡിഎഫ് സർക്കാർ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കരുതെന്നു കാട്ടി പുതിയ സത്യവാങ്മൂലം നൽകുകയായിരുന്നു. ഭരണഘടനയുടെ 24, 25 അനുച്ഛേദങ്ങൾ പ്രകാരം കാലങ്ങളായി തുടരുന്ന ആചാരങ്ങൾ ലംഘിക്കരുതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് സർക്കാരിന്റെ സത്യവാങ്മൂലം.

അതേസമയം യുഡിഎഫ് സർക്കാരിന്റെ നിലപാടിൽ തന്നെ നിലവിലെ സർക്കാർ ഉറച്ചു നിൽക്കണമെന്നും സർക്കാരുകൾ മാറുന്നതിനനുസരിച്ച് നിലപാടുകൾ മാറ്റുന്നത് ശരിയല്ലെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. എന്നാൽ കേസ് ഭണഘടനാ ബെഞ്ചിനു വിടണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം കോടതി തള്ളി. കേസ് ഇനി പരിഗണിക്കുന്ന സമയത്ത് ഭരണഘടനാപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഭരണഘടനാ ബെഞ്ചിനു വിടുന്ന കാര്യം അപ്പോൾ പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു. കേസ് 2017 ഫെബ്രുവരി 20–ലേക്ക് മാറ്റി.