ശിരോ വസ്ത്രത്തിനെതിരെ അധികൃതര്‍ : പരാതിയുമായി യുവതി കോടതിയിലേക്ക്

01.48 AM 09-09-2016
unnamed
പി. പി. ചെറിയാന്‍
മോണ്ട്‌ഗോമറി (അലബാമ):ഡ്രൈവിങ്ങ് ലൈസെന്‍സ് ഫോട്ടോ എടുക്കുന്നതിന് ശിരോവസ്ത്രം നിര്‍ബന്ധപൂര്‍വ്വം മാറ്റണമെന്നാവശ്യപ്പെട്ട അലബാമ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ക്രിസ്ത്യന്‍ വനിത വോണ്‍ അലന്‍ പരാതിയുമായി കോടതിയില്‍. കഴിഞ്ഞ വാരാന്ത്യത്തില്‍ വോണ്‍ അലനുവേണ്ടി അലബാമ അമേരിക്കന്‍ സിവില്‍ ലീബര്‍ട്ടീസ് യൂണിയനാണ് ലൊ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.
2011ല്‍ അലബാമയിലേക്ക് കുട്ടികളുമായി താമസം മാറുമ്പോള്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും നിരന്തരമായ പ്രാര്‍ഥനയുടെ ഫലമായി അനുഭവിച്ച ദൈവിക സാമീപ്യമാണ് തന്നെ ജീവിക്കുവാന്‍ പ്രേരിപ്പിച്ചതെന്നും അലന്‍ പ്രസ്താവനയില്‍ പറയുന്നു. അനുസരണത്തിന്റേയും സമര്‍പ്പണത്തിന്റേയും അടയാളമാണ് ശിരോവസ്ത്രമെന്നും ശിരോവസ്ത്രം ധരിക്കാതിരിക്കുന്നത് ദൈവ കല്പനാലംഘനമാകുമെന്നും അലന്‍ വിശ്വസിക്കുന്നു.
മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിനു വഴങ്ങാന്‍ തയ്യാറല്ലെന്നും, ശിരോവസ്ത്രം ധരിച്ചു ഫോട്ടോ എടുക്കുവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചിട്ടുളളത്. സിഖ് മുസ്ലീം നിര്‍ബന്ധത്തിനുവഴങ്ങി സംസ്ഥാന സര്‍ക്കാര്‍ 2004ല്‍ ശിരോവസ്ത്രത്തോടെ ഫോട്ടോ എടുക്കുന്നതിനു അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ സ്ത്രീകളെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് അധികൃതരുടെ വാദം.