ശ്രീകുമാരന്‍ തമ്പിയുടെ അക്കൗണ്ടില്‍ വി.എം. സുധീരന്‍ പണം നിക്ഷേപിച്ചു.

08:26 am 18/12/2016

images
തിരുവനന്തപുരം: ജയ്ഹിന്ദ് ചാനലില്‍ താന്‍ സംവിധാനം ചെയ്ത സീരിയലിന്‍െറ പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ കവി ശ്രീകുമാരന്‍ തമ്പിയുടെ അക്കൗണ്ടില്‍ വി.എം. സുധീരന്‍ പണം നിക്ഷേപിച്ചു. രണ്ടു ലക്ഷംരൂപയാണ് അക്കൗണ്ടിലിട്ടത്. താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരാവാദികള്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍, കെ.പി. മോഹനന്‍ എന്നിവര്‍ ആയിരിക്കുമെന്ന് കാട്ടി ശ്രീകുമാരന്‍ തമ്പി സുധീരന് എഴുതിയ കത്ത് മലയാളം വാരികയാണ് പുറത്തുവിട്ടത്.

ചട്ടമ്പിക്കല്യാണിയെന്ന സീരിയലാണ് ശ്രീകുമാരന്‍ തമ്പി ജയ്ഹിന്ദിനായി സംവിധാനം ചെയ്തത്. സൂപ്പര്‍ ഹിറ്റ് സിനിമയായ ചട്ടമ്പിക്കല്യാണിയുടെ സീരിയല്‍ രൂപമായിരുന്നു ഇത്. കെ.ആര്‍. മീരയായിരുന്നു തിരക്കഥാകൃത്ത്. 2013ല്‍ പ്രക്ഷേപണം തുടങ്ങിയ സീരിയലില്‍ 65 എപ്പിസോഡുകള്‍ ജയ്ഹിന്ദില്‍ സംപ്രേഷണം ചെയ്തു. എന്നാല്‍, ശ്രീകുമാരന്‍ തമ്പിക്ക് ഇനിയും 27 ലക്ഷം രൂപ ചാനല്‍ കൊടുക്കാനുണ്ട്. 45 ലക്ഷം രൂപക്കായിരുന്നു സീരിയില്‍ ചെയ്യാന്‍ സമ്മതിച്ചത്. ഇതില്‍ 18 ലക്ഷം മാത്രമാണ് നല്‍കിയതെന്ന വാര്‍ത്ത പുറത്തുവന്നതോടെ ജനങ്ങള്‍ ഇടപെട്ടുവെന്ന് തമ്പി ‘മാധ്യമ’ത്തോടു പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. സുധീരന്‍ നേരിട്ട് വിളിച്ചു. ജയ്ഹിന്ദിന്‍െറ ചെയര്‍മാനാണെങ്കിലും ദൈനംദിന പ്രവര്‍ത്തനത്തില്‍ ഇടപെടാത്തതിനാല്‍ സംഭവം അറിഞ്ഞില്ളെന്ന് സുധീരന്‍ വ്യക്തമാക്കി. തവണകളായി പണം നല്‍കാന്‍ തയാറാണെന്നും അദ്ദേഹം തമ്പിയെ അറിയിച്ചു. എന്നാല്‍, തമ്പിയുടെ അഭിപ്രായത്തില്‍ 90 ലക്ഷം രൂപ വിലമതിക്കുന്ന സീരിയലാണ് പരിചയത്തിന്‍െറ പേരില്‍ 60 ലക്ഷത്തിന് നല്‍കിയത്. 2013 മുതല്‍ കടംവാങ്ങിയതിന്‍െറ പലിശ കൊടുക്കുകയാണ്. ഭീമമായ നഷ്ടമാണ് ഇതിലൂടെ തനിക്ക് സംഭവിച്ചത്. പണം നല്‍കാമെന്ന് ഉറപ്പു നല്‍കിയതിനാല്‍ ഇനി വിവാദത്തിനില്ളെന്നും അദ്ദേഹം അറിയിച്ചു.