ശ്രീലങ്കക്ക് അഞ്ച് വിക്കറ്റ് ജയം

10/2/2016
download (7)

പുണെ: കുട്ടി ക്രിക്കറ്റ് ലോകകപ്പ് വിളിപ്പാടകലെ നില്‍ക്കെ ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.5 ഓവറില്‍ 101 റണ്‍സെടുത്ത് പുറത്തായിരുന്നു. മറുപടി ബാറ്റിനിറങ്ങിയ ലങ്ക 12 പന്തുകള്‍ ബാക്കിയിരിക്കെ ലക്ഷ്യം കണ്ടു. ദിനേഷ് ചാണ്ടിമല്‍ (35), ചമര കപുരകദേര(25), മിലിന്‍ഡ സിരിവര്‍ധന (21) എന്നിവര്‍ ചേര്‍ന്നാണ് ലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. നെഹ്‌റയും അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. തോല്‍വിയോടെ ഇന്ത്യക്ക് ഐ.സി.സി റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായി.

നേരത്തെ ടോസ് നേടിയ ലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലങ്കന്‍ ബൗളര്‍ കസുന്‍ രജിതയാണ് ആദ്യത്തെ ഇന്ത്യന്‍ വിക്കറ്റുകളും വീഴ്ത്തി ഇന്ത്യക്ക് വന്‍ പ്രഹരമേല്‍പിച്ചത്. രോഹിത് (0), ശിഖര്‍ ധവാന്‍ (9), അജിങ്ക്യ രഹാനെ (4) എന്നിവരാണ് 22 കാരന്റ പന്തില്‍ പുറത്തായത്. സുരേഷ് റെയ്‌ന(20), യുവരാജ് സിങ് (10) എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചമീര യുവരാജിനെയും ശനക റെയ്‌നയെയും മടക്കി. ക്യാപ്റ്റന്‍ ധോണി (2), ഹര്‍ദിക് പാണ്ഡ്യേ (2), രവീന്ദ്ര ജഡേജ(6) എന്നിവര്‍ വന്ന പോലെ മടങ്ങി. ധസൂന്‍ ശനകയാണ് ധോണി, ഹര്‍ദിക് പാണ്ഡ്യേ എന്നിവരെ പുറത്താക്കിയത്.