ശ്രീലങ്ക സെമി കാണാതെ പുറത്ത്

27-03-2016
reece-topley-twenty20-england-t20_3383756
ട്വന്റി-20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ശ്രീലങ്ക സെമി കാണാതെ പുറത്തായി. ലങ്കയെ 10 റണ്‍സിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയില്‍ കടന്നു. ഇംഗ്ലണ്ടുയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 161 റണ്‍സില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസ് (73) പുറത്താകാതെ നേടിയ അര്‍ധ സെഞ്ചുറിയും ലങ്കയെ രക്ഷിച്ചില്ല.
ലങ്കന്‍ മുന്‍നിര രണ്ടക്കം പോലും കാണാതെ തകര്‍ന്നടിഞ്ഞതാണ് പരാജയത്തിന് കാരണമായത്. ഓപ്പണര്‍മാരായ ദിനേഷ് ചാണ്ഡിമലും (1) ദില്‍ഷനുമാണ് (2) തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെയെത്തിയ സിരിവര്‍ധനയും (7) തിരിമന്നയും (3) വന്നതുപോലെ മടങ്ങി. ഇതോടെ ലങ്ക പരാജയം മണത്തു. എന്നാല്‍ ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസ് പെട്ടെന്ന് തോറ്റുകൊടുക്കാന്‍ തയാറായിരുന്നില്ല. നാലിന് 15 എന്ന നിലയില്‍നിന്ന് ചമര കപുഗഡേരയെ കൂട്ടുപിടിച്ച് മാത്യൂസ് സ്‌കോര്‍ ചലിപ്പിച്ചു. 27 പന്തില്‍ 30 റണ്‍സെടുത്ത് കപുഗഡേര മടങ്ങുമ്പോള്‍ ലങ്ക പൊരുതാവുന്ന അവസ്ഥയിലെത്തിയിരുന്നു.
11 പന്തില്‍ 20 റണ്‍സെടുത്ത തിസാര പെരേര ലങ്കന്‍ മോഹങ്ങള്‍ക്ക് ചിറക് നല്‍കി. പിന്നാലെയെത്തിയ ദസുന്‍ ഷനാകയും ഒരു സിക്‌സും രണ്ട് ബൗണ്ടറിയും പായിച്ച് ജയത്തിനിടയിലെ ദൂരം വല്ലാതെ കുറച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ മാത്യൂസിന് പേശിവലിവ് അനുഭവപ്പെട്ടത് തിരിച്ചടിയായി. കൂറ്റന്‍ അടികളിലൂടെ ലങ്കന്‍ പ്രതീക്ഷയെ അവസാന പന്തുവരയെത്തിച്ച മാത്യൂസിന് ചാമ്പ്യന്‍മാരെ സെമികടത്താനായില്ല. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. സ്‌ട്രൈക്കറായി മാത്യൂസും ക്രീസില്‍. എന്നാല്‍ ഒടുവിലെ ഓവറില്‍ നാലു റണ്‍സ് മാത്രമാണ് നേടാനായത്.
നേരത്തെ ജോസ് ബറ്റ്‌ലറുടെ (66) അര്‍ധ സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്. ഓപ്പണര്‍ ജാസണ്‍ റോയിയും (42) സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി.