ഷിക്കാഗോയില്‍ താരങ്ങള്‍ പെയ്തിറങ്ങി; കെവി ടിവി അവാര്‍ഡ് നൈറ്റ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച കലാസന്ധ്യ

12.45 AM 28-07-2016
kvtvawardnite_pic1
ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറിയ മലയാളം ഫിലിം ആവാര്‍ഡ് നൈറ്റ് താരസമ്പുഷ്ടമായ, ആസ്വാദനത്തിന് പുതിയ നിര്‍വചനം തന്നെ സൃഷ്ടിച്ച കലാസന്ധ്യയോടെ ഉജ്ജ്വല പരിസമാപ്തി. കുഞാക്കോ ബോബനും പിഷാരടിയും കാഞ്ചനമാലയായി മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠനേടിയ പാര്‍വതിയുമൊക്കെയായി ഒരു വലിയ താര നിരയാണ് നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഷിക്കാഗോയില്‍ കലയുടെ ഉത്സവത്തിന് തിരികൊളുത്തിയത്. കനത്ത മഴയെ പോലും നിഷ്പ്രഭമാക്കികൊണ്ട് ഷിക്കാഗോ കപ്പര്‍ണിക്കസ് തിയേറ്ററിലേക്ക് ഒഴുകിയെത്തിയ മലയാളി സമൂഹത്തിനെ ഒട്ടും തന്നെ നിരാശരക്കാതെ, ഈ അടുത്ത കാലത്ത് നടന്ന എല്ലാ സ്റ്റേജുഷോകളയും നിഷ്പ്രഭമാക്കിയ കലാ പ്രകടനമായിരുന്നു കെ വി ടിവി അവാര്‍ഡ് നൈറ്റില്‍ അരങ്ങേറിയത്.

കെവി ടിവി മാനേജിംഗ് ഡയറക്ടര്‍ സാജു കണ്ണമ്പള്ളിയുടെ സ്വാഗതതോടെ ആരംഭിച്ച കലാസന്ധ്യ സുപ്രസിദ്ധ സിനിമാ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ഫോമായുടെ നിയുക്ത പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറയും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ അവാര്‍ഡ് നൈറ്റ് നാല് മണിക്കൂര്‍ നീണ്ടു നിന്ന മനം കുളിര്‍ക്കെ ആസ്വദിക്കാവുന്ന കാലാ വിരുന്നാണ് കാണികള്‍ക്ക് നല്‍കിയത്. ഏറ്റവും മികച്ച ചിത്രത്തിന് ചാര്‍ലി, മികച്ച സംവിധായകനായി മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി), മികച്ച സഹ നടനായി ജോജു ജോര്‍ജ്ജ് (ചാര്‍ലി), മികച്ച നടന്‍ കുഞ്ചാക്കോ ബോബന്‍ (ജംനാപ്യാരി), മികച്ച സഹ നടി കല്‍പ്പന (ചാര്‍ലി)ക്ക് വേണ്ടി നടന്‍ പിഷാരടി, മികച്ച നടി പാര്‍വ്വതി (എന്ന് നിന്റെ മൊയ്തീന്‍ & ചാര്‍ലി), മികച്ച സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ (ചാര്‍ലി), മികച്ച ഗായകന്‍ വിജയ് യേശുദാസ് (പ്രേമം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ആലപ്പി ജോസിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഇന്‌സ്ട്രുമെന്റല്‍ ഫ്യൂഷനും ഗോപി സുന്ദര്‍ അവതരിപ്പിച്ച സംഗീത വിരുന്നും കാണികളെ അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിച്ചു. രമ്യ നമ്പീശനും ഭാവനയും ചേര്‍ന്ന് അവതരിപ്പിച്ച നൃത്താവിഷക്കാരങ്ങള്‍, കലാഭവന്‍ പ്രജോദും അയ്യപ്പ ബിജുവും ചേര്‍ന്ന വതരീപ്പിച്ച കോമഡി സ്‌കിറ്റും, പിഷാരടിയുടെ വണ്‍മാന്‍ ഷോയും മൊക്കെ ചേര്‍ന്നപ്പോള്‍ താര നിശ ആസ്വാദനത്തിന്റെ പുതിയ വാതിലുകള്‍ തുറന്നിട്ടു. വിജയ് യേശുദാസും ജോബ് കുര്യനും ഗോപി സുന്ദറും ദിവ്യയും സംഗീത വിസ്മയങ്ങളായി കാണികളുടെ ഇടയിലേക്ക് പെയ്തിറങ്ങുകയായിരുന്നു. സുപ്രസിദ്ധ സിനിമാ ടീവി താരവും ആങ്കറുമായ മിഥുന്‍ രമേഷും ആര്‍ദ്രയും പരിപാടികള്‍ ഏകോപിപ്പിച്ചുകൊണ്ട് കാണികളെ സരസമായി കയ്യിലെടുത്തു. പരിപാടികള്‍ക്ക് കെവി ടിവി അംഗങ്ങള്‍ നേതൃത്വം നല്‍കി.