ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ 2017-18 പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു

08:17 am 4/5/2017


ഷിക്കാഗോ: പ്രസിഡന്റ് ഷിബു അഗസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ 2017- 18-ലേക്കുള്ള പുതിയ ഭരണനേതൃത്വം ചുമതലയേറ്റു. ഏപ്രില്‍ 30-നു ഞായറാഴ്ച ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളിലായിരുന്നു ഉദ്ഘാടന സമ്മേളനം നടത്തപ്പെട്ടത്.

അനീഷാ ഷാബുവിന്റെ പ്രാര്‍ത്ഥനാഗാനവും തുടര്‍ന്നു ഇടവക വികാരി അഗസ്റ്റിനച്ചന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ അതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. ഉദ്ഘാടന ചടങ്ങില്‍ സീറോ മലബാര്‍ രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി മുഖ്യാതിഥിയായിരുന്നു.

പാരീഷ് ഹാളില്‍ നിറഞ്ഞ ഇടവകാംഗങ്ങളുടേയും എസ്.എം.സി.സി ഭാരവാഹികളുടേയും സാന്നിധ്യത്തില്‍ ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമായ ഭദ്രദീപം തെളിയിച്ചുകൊണ്ട് റവ.ഫാ. ജോണിക്കുട്ടി പുലിശേരിയും, റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും ഉദ്ഘാടനം നിര്‍വഹിച്ചു.

ഉദ്ഘാടന സന്ദേശത്തില്‍ ഫാ. ജോണിക്കുട്ടി പുലിശേരി ഇടവകയിലെ അത്മായരുടെ നേതൃത്വവും പങ്കാളിത്തവും വളരെ പ്രധാന്യമേറിയതാണെന്ന് എടുത്തുപറയുകയുണ്ടായി. വിശ്വാസതീക്ഷണമായ ജീവിതത്തിനും, ദൈവ സ്‌നേഹത്തിലുള്ള വളര്‍ച്ചയ്ക്കും എസ്.എം.സി.സി പോലുള്ള ആത്മീയ സംഘടനകളുടെ സേവനം വളരെ വിലപ്പെട്ടതാണെന്നു ചാന്‍സിലര്‍ അച്ചന്‍ ഓര്‍മ്മിപ്പിക്കുകയുണ്ടായി.

കത്തീഡ്രല്‍ വികാരി അഗസ്റ്റിന്‍ അച്ചന്‍ അത്മായ സംഘടനകളുടെ സഭയിലുള്ള പ്രാതിനിധ്യവും ആവശ്യകതയും വളരെ വേണ്ടപ്പെട്ടതാണെന്ന് ഓര്‍മ്മിപ്പിച്ചു. കരുത്തുള്ള ഒരു വിശ്വാസ സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിലും, ആ വിശ്വാസതീക്ഷണത എല്ലാവര്‍ക്കും പ്രചോദനമായി എസ്.എം,സി.സി നിലകൊള്ളുന്നതിനും സാധ്യമാകട്ടെ എന്ന് ആശംസിച്ചു.

എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള സേവനത്തില്‍ പ്രധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനോദ്ദേശങ്ങള്‍ വിവരിക്കുകയുണ്ടായി. അതോടൊപ്പം തന്നെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനും ജോണ്‍സണ്‍ കണ്ണൂക്കാടനും ടീമിനും നന്ദി രേഖപ്പെടുത്തി. എസ്.എം.സി.സി ജോയിന്റ് സെക്രട്ടറി സണ്ണി വള്ളിക്കളം സദസ്സിനും അതിഥികള്‍ക്കും കൃതജ്ഞതാ പ്രകാശനം നിര്‍വഹിച്ചു.

എസ്.എം.സി.സി ഭാരവാഹികളായ ആന്റോ കവലയ്ക്കല്‍, ബിജി വര്‍ഗീസ്, ജേക്കബ് കുര്യന്‍, സജി വര്‍ഗീസ്, ആഗ്‌നസ് മാത്യു, ജോയി വട്ടത്തില്‍, ഷാബു മാത്യു, ജോയി ചക്കാലയ്ക്കല്‍, ജോസഫ് നാഴിയംപാറ, ജെയിംസ് ഓലിക്കര, നാഷണല്‍ ബോര്‍ഡ് അംഗങ്ങളായ കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, എക്‌സ് പ്രസിഡന്റും, നാഷണല്‍ ബോര്‍ഡ് അംഗവുമായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷാജി ജോസഫ് എന്നിവര്‍ ചടങ്ങിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു.

സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് അവതാരകയായിരുന്നു. അനീഷാ ഷാബുവിന്റെ ദേശീയ ഗാനത്തോടെ പരിപാടികള്‍ സമംഗളം സമാപിച്ചു.