സംസ്ഥാനത്ത് വേനല്‍മഴ എത്തി തുടങ്ങി

08:40am 07/05/2016
download
തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ വിയര്‍ത്തൊലിക്കുന്ന സംസ്ഥാനത്തിന് ആശ്വാസമായി വേനല്‍മഴ എത്തിത്തുടങ്ങി. ബുധനാഴ്ച്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് കൂടുതല്‍ മഴ ലഭിച്ചത്. എട്ട് സെ.മീ മഴയാണ് ഇവിടെ പെയ്തത്. പറമ്പിക്കുളം( പാലക്കാട്) ആറ് സെ.മീ, പെരുമ്പാവൂര്‍ (എറണാകുളം) കോന്നി (പത്തനംതിട്ട) നാല് സെ.മീ, മങ്കൊമ്പ് മൂന്ന് സെ.മീ, ഇരിക്കൂര്‍, പന്നിയൂര്‍, വൈത്തിരി, പട്ടാമ്പി, ആലപ്പുഴ രണ്ട് സെ.മീ വീതവും തളിപ്പറമ്പ്, തലശ്ശേരി, കുപ്പാടി, തൃത്താല, ആലത്തൂര്‍, കുമരകം, മൂന്നാര്‍, പീരുമേട് എന്നിവിടങ്ങളില്‍ ഒരു സെ.മീ വീതവും മഴ ലഭിച്ചു.
അടുത്ത 48 മണിക്കൂര്‍ സംസ്ഥാന വ്യാപകമായി മഴക്ക് സാധ്യതയുണ്ട്. പലയിടങ്ങളിലും ഏഴ് സെ.മീറ്ററിന് മുകളില്‍ മഴ ലഭിക്കും. അതേസമയം, പാലക്കാട് ഒരാഴ്ചയായി 40 ഡിഗ്രിക്ക് മുകളിലായിരുന്ന ചൂട്, ഇന്നലെ 39.2 ഡിഗ്രിയായി. പറമ്പിക്കുളത്തും ആലത്തൂര്‍, തൃത്താലയിലും മഴ ലഭിച്ചതാണ് ചൂട് കുറയാന്‍ കാരണം.