സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് 45 റണ്‍സ് ജയം

9:58am 11/3/2016
download (2)
കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ട് വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ സന്നാഹമത്സരത്തിനിറങ്ങിയ ഇന്ത്യക്ക് 45 റണ്‍സ് ജയം. രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ ഇന്ത്യ നേടിയ 185 (20 ഓവറില്‍) റണ്‍സ് വിന്‍ഡീസിന് മറികടക്കാനായില്ല. വിന്‍ഡീസ് 19.2 ഓവറില്‍ 140 റണ്‍സിന് പുറത്താവുകയായിരുന്നു. രോഹിത് ശര്‍മ 57 പന്തില്‍ 98 റണ്‍സ് നേടി.

186 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് നിരയില്‍ ആര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല. ടൂര്‍ണമെന്റില്‍ വെടിക്കെട്ട് വിരുന്നൊരുക്കുമെന്ന പ്രവചിക്കപ്പെടുന്ന ക്രിസ് ഗെയില്‍ 11 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. ജോണസണ്‍ ചാള്‍സ് 18ഉം മല്‍ലണ്‍ സാമുവല്‍സ് 17ഉം ആന്ദ്രെ റസല്‍ 19ഉം റണ്‍സെടുത്ത് പുറത്തായി. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറെക്കാലത്തെ വിശ്രമത്തിന് ശേഷം മടങ്ങിയെത്തിയ മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. ഓപണര്‍ ജോണ്‍സന്റെയും ആഷ് ലി നഴ്‌സിന്റെയും വിക്കറ്റാണ് ഷമി നേടിയത്. ജസ്പ്രീത് ബുംറ രണ്ട് ഓവറില്‍ വെറും ആറ് റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത് മികച്ചുനിന്നു. പവന്‍ നേഗി, ജദേജ, പാണ്ഡ്യ എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കുവേണ്ടി രോഹിത്തിന്റെ ബാറ്റിങ് ആഘോഷമായിരുന്നു. ഒമ്പത് ഫോറും ഏഴു സിക്‌സറുകളും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. യുവരാജ് സിങ് 20 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ 21 റണ്‍സെടുത്തു.
അജിന്‍ക്യ രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ക്യാപ്റ്റന്‍ ധോണി സന്നാഹമത്സരത്തിനിറങ്ങിയത്. സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് ക്യാപ്റ്റന്‍ വിശ്രമം അനുവദിച്ചു. ശരാശരി തുടക്കമായിരുന്നു ഇന്ത്യയുടേത്. 4.5 ഓവറില്‍ സ്‌കോര്‍ 32ല്‍ നില്‍ക്കെ 21 റണ്‍സെടുത്ത ശിഖര്‍ ധവാനെ സുലീമാന്‍ ബെന്‍ കുറ്റിതെറിപ്പിച്ചു.

മൂന്നാമനായി എത്തിയ രഹാനെ ശോഭിച്ചില്ല. 10 പന്തില്‍ ഏഴു റണ്‍സെടുത്ത രഹാനെ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 8.2 ഓവറില്‍ 56. പക്ഷേ, അപ്പോഴേക്കും സ്‌കോറിങ്ങിന്റെ കടിഞ്ഞാണ്‍ രോഹിത് ശര്‍മ ഏറ്റെടുത്തിരുന്നു. കൂട്ടിനത്തെിയ യുവരാജും നല്ല മൂഡിലായിരുന്നു. ഇരുവരും മധ്യ ഓവറുകളില്‍ ഇന്ത്യന്‍ സ്‌കോര്‍ കുത്തനെ ഉയര്‍ത്തി. യുവരാജിനെ സാക്ഷിയാക്കി രോഹിതിന്റെ ബാറ്റില്‍നിന്ന് റണ്ണൊഴുകി. ഇരുവരും 7.4 ഓവറില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. യുവരാജിനെ പുറത്താക്കി കാര്‍ലോസ് ബ്രാത്വെയ്റ്റാണ് സഖ്യം പൊളിച്ചത്.
ജദേജ (10), പവന്‍ നേഗി (8) എന്നിവര്‍ പെട്ടെന്ന് പുറത്തായി. സ്‌ട്രൈക് ലഭിക്കാതായതോടെ രോഹിതിന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി.