സരിത നായരുടെ പരാതി പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.

08:15 am 2/10/2016
images (1)

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരായ സോളാര്‍ കേസ് പ്രതി സരിത നായരുടെ പരാതി പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.

2014ല്‍ തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷനില്‍ സരിത നല്‍കിയ പരാതിയിലാണ് അന്വേഷണം. പുനരന്വേഷണം ആവശ്യപ്പെട്ട് സരിത മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലെ പ്രത്യേകസംഘമാകും അന്വേഷിക്കുക.
ശാരീരികമായി പീഡിപ്പിച്ചെന്നതുള്‍പ്പെടെ കാര്യങ്ങള്‍ അന്വേഷണപരിധിയില്‍ വരും. ഉമ്മന്‍ ചാണ്ടി, മകന്‍ ചാണ്ടി ഉമ്മന്‍, മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍ എം.എല്‍.എ, പി.സി. വിഷ്ണുനാഥ് ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരെയായിരുന്നു സരിതയുടെ പരാതി.

രഹസ്യമൊഴി മജിസ്ട്രേറ്റിന്‍െറ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയെങ്കിലും പൊലീസ് തുടര്‍നടപടി സ്വീകരിച്ചില്ളെന്ന് സരിത ആരോപിച്ചിരുന്നു. നിലവില്‍ സോളാര്‍ കേസിലെ സാമ്പത്തികഅഴിമതി മാത്രമാണ് ഇതുസംബന്ധിച്ച് നിയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ പരിഗണിക്കുന്നത്. തന്‍െറ ആരോപണങ്ങള്‍ പൊലീസോ സോളാര്‍ അന്വേഷണ കമീഷനോ ഗൗരവമായി എടുത്തില്ളെന്ന് സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.