സഹകരണ ബാങ്കിൽ പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ്; 14 പേര്‍ അറസ്റ്റില്‍

02.57 Am 12/11/2016
arrest_760x400 (1)
കണ്ണൂർ: വളപട്ടണം സർവീസ് സഹകരണ ബാങ്കിൽ പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പതിനാല് പേർ അറസ്റ്റിൽ. മുസ്ലിംലീഗ്,കോൺഗ്രസ് നേതാക്കളായ ഡയറക്ടർ ബോർഡ് അംഗങ്ങളും മുൻ സെക്രട്ടറിയും ഉൾപ്പെടെയുളളവരാണ് അറസ്റ്റിലായത്. വ്യാജരേഖകളുണ്ടാക്കി ലോണെടുത്തും ബാങ്കിലെ സ്വർണനിക്ഷേപങ്ങളിൽ ക്രമക്കേടുകാട്ടിയുമാണ് കോടികളുടെ തട്ടിപ്പ് നടന്നത്.
വളപട്ടണം സഹകരണബാങ്കിൽ രണ്ട് വർഷം മുമ്പ് കണ്ടെത്തിയ തട്ടിപ്പിലാണ് ഇപ്പോൾ അറസ്റ്റുണ്ടാകുന്നത്.ബാങ്കിന്‍റെ 2008-2013 കാലത്തെ ഭരണസമിതി വെട്ടിച്ചത് പത്ത് കോടിയിലധികം രൂപയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.നേരത്തെ സഹകരണ സംഘം ഓഡിറ്റർ നടത്തിയ പരിശോധനയിൽ ബാങ്കിൽ നിന്ന് ലോൺ അനുവദിച്ചതിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.എന്നാൽ സെക്രട്ടറി ഉൾപ്പെടെയുളളവർക്കെതിരെ സഹകരണ വകുപ്പ് നടപടിയെടുത്തിരുന്നില്ല.പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പണം തട്ടിപ്പ് വെളിപ്പെട്ടത്.
പല തരത്തിലായിരുന്നു ക്രമക്കേട്. ചതുപ്പ് നിലം ഈടായി കാണിച്ച് ഇപ്പോൾ അറസ്റ്റിയാവരുടെ ബന്ധുക്കൾക്കും പരിചയക്കാർക്കും ലക്ഷങ്ങൾ വായ്പ അനുവദിച്ചു.ഇതേ വായ്പ നിലനിൽക്കെ ആധാരം ബിനാമി പേരിലേക്ക് മാറ്റിയെഴുതി മറ്റ് ബാങ്കുകളിൽ പണയം വച്ച് വീണ്ടും വായ്പ നേടി.ഇങ്ങനെ നേടിയത് മൂന്നരക്കോടി. .ചെക്കുകളിൽ ക്രമക്കേട് കാട്ടി വെട്ടിച്ചത് 1.64 കോടി.ബാങ്കിൽ പണയം വച്ച സ്വർണം മറ്റ് ബാങ്കുകളിൽ പണയപ്പെടുത്തി നേടിയത് 1.69 ലക്ഷം. വളപട്ടണം ഗ്രാമപഞ്ചായത്തിലുളളവർക്ക് മാത്രമേ ലോൺ അനുവദിക്കാവൂ എന്നിരിക്കെ മറ്റ് ജില്ലകളിൽ നിന്നുളളവർക്ക് ലോൺ അനുവദിച്ചു.വ്യാജപ്പേരുകളിലും ലോൺ നൽകി.ഇങ്ങനെ നൽകിയ ലോൺ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ച വടകര സ്വദേശിനിയുടെ പരാതിയിലാണ് അന്വേഷണം നടന്നത്.കേസിലെ ഒന്നാം പ്രതിയും മുൻ ബ്രാഞ്ച് മാനേജരുമായിരുന്ന ജസീൽ ഇപ്പോൾ ഒളിവിലാണ്.ഇയാളുടെ പിതാവ് ഇബ്രാഹിം,ബാങ്ക് മുൻ സെക്രട്ടറി കെ പി ഹംസ,മുൻ പ്രസിഡന്‍റ് സൈഫുദീൻ എന്നിവരടക്കമാണ് പതിനാല് പേർ ഇപ്പോൾ അറസ്റ്റിലായത്.