സഹോദരനെ മര്‍ദ്ദിച്ച യുവാവിനെ കൊല ചെയ്ത കേസില്‍ സഹോദരി അറസ്റ്റില്‍

05:22 pm 16/10/2016

– പി.പി. ചെറിയാന്‍

unnamed
കുക്ക് കൗണ്ടി(ഷിക്കാഗോ): ഇളയ സഹോദരനെ മര്‍ദിച്ച യുവാവിനെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ച പതിനെട്ടുകാരിയായ സഹോദരിയെ കോടതിയില്‍ ഹാജരാക്കി.

നോര്‍ത്ത് സൈഡ് പാര്‍ക്കിലാണ് 15 വയസ്സുളള ഇളയ സഹോദരനെ നാലു യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. അടിയേറ്റ് അവശനായ സഹോദരന്‍ വീട്ടിലെത്തി. 18 വയസ്സുളള സഹോദരി എലിസബത്ത് ഡയസിനെ വിവരം അറിയിച്ചു. ഡയസും സഹോദരനും ചേര്‍ന്ന് ഫേയ്‌സ് ബുക്കില്‍ നിന്നും പ്രതിയെ കണ്ടെത്തി. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ദൃക്‌സാക്ഷിയായ യുവാവിനേയും കൂട്ടി പാര്‍ക്കിലേക്ക് യാത്ര തിരിച്ചു. ഇളയ സഹോദരനോട് തോക്കും കൂടെ എടുക്കുവാന്‍ ഡയസ് നിര്‍ദ്ദേശിച്ചു.

പാര്‍ക്കിനു ഒരു ബ്ലോക്കകലെ എത്തിയപ്പോള്‍ പ്രതികളില്‍ നാലു പേരിലൊരാള്‍ ഇവരുടെ ദൃഷ്ടിയില്‍പ്പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. ഇളയ സഹോദരന്‍ കാറില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് യുവാവിനുനേരെ നിരവധി തവണ വെടിയുതിര്‍ത്ത് സംഭവത്തിനുശേഷം വന്ന വാഹനത്തില്‍ തിരിച്ചു പോകാനുളള ഇവരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് നമ്പര്‍ പരിശോധിച്ചു വാഹനത്തിന്റെ ഉടമ ഡയസ്സാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇളയ സഹോദരനേയും സഹോദരി ഡയസിനേയും പൊലീസ് അറസ്റ്റ് ചെയ്തു.കുക്ക് കൗണ്ടി കോടതിയില്‍ ഹാജരാക്കിയ ഡയസിന് ജഡ്ജി ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചു.

സഹോദരനെ കൊലകുറ്റത്തിനു പ്രേരിപ്പിച്ചതിനാണ് ഡയസിനെതിരെ കേസെടുത്തിരിക്കുന്നത്. വെടിവെച്ച ഇളയ സഹോദരനെ മൈനര്‍ എന്ന പരിഗണന നല്‍കിയാണു കേസെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 20 ന് കേസ് കോടതി വീണ്ടും കേള്‍ക്കും.