സഹോദരിയുടെ വീട്ടില്‍നിന്ന്​ സ്വര്‍ണവും പണവും മോഷ്​ടിച്ച കേസിൽ സഹോദരനും സുഹൃത്തും അറസ്​റ്റിൽ.

07:39 am 5/6/2017

വണ്ടൂര്‍: എടവണ്ണ ശാന്തിനഗര്‍ കുറുപറമ്മേല്‍ റാഷിദ് (22), സുഹൃത്ത്​ കളരിക്കല്‍ രോഹിത്ത് (20) എന്നിവരാണ് വണ്ടൂര്‍ പൊലീസി​​െൻറ പിടിയിലായത്. ശനിയാഴ്ച പകലാണ് എറിയാട് പള്ളിപ്പടിയിലെ കുറുപറമ്മേല്‍ ഷമീറയുടെ വീട്ടില്‍ മോഷണം നടന്നത്. സ്‌​ക്രൂഡ്രൈവര്‍ ഉപയോഗിച്ച് വാതിലും അലമാരയും കുത്തിത്തുറന്ന്​ രണ്ടര പവന്‍ സ്വർണവും 14,000ത്തോളം രൂപയുമാണ് മോഷ്​ടിച്ചത്. ഷമീറക്ക്​ പുറമെ മാതാവും മക്കളുമാണ് വീട്ടില്‍ താമസം. സംഭവ ദിവസം ഷമീറ ജോലിക്ക് പോയിരുന്നു. മാതാവിനെ റാഷിദ്​ സഹോദര​​െൻറ കുട്ടിയെ കാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോവുകയും രോഹിത്തിന്​ മോഷ്​ടിക്കാൻ സൗകര്യം ഒരുക്കുകയുമായിരുന്നു.

തിരിച്ചെത്തിയപ്പോൾ മാതാവാണ്​ മോഷണ വിവരം റാഷിദിനെ അറിയിച്ചത്​. ഇയാള്‍ തന്നെയാണ് പൊലീസിനെ വിളിച്ചത്. സ്വർണവും പണവുമെല്ലാം വീട്ടില്‍ തന്നെയാണോ വെക്കാറുള്ളതെന്ന് മുമ്പ് റാഷിദ് അന്വേഷിച്ചതായി ഷമീറ ​െപാലീസിന് മൊഴി നല്‍കിയതാണ് സംശയത്തിനിടയാക്കിയത്​. റാഷിദിനെയും സുഹൃത്തിനെയും ചോദ്യം ചെയ്തപ്പോള്‍ മൊഴികളിലുണ്ടായ വൈരുധ്യങ്ങളും സംശയം വർധിപ്പിച്ചു. മോഷണ ശേഷം രോഹിത്തിന് 250 രൂപ നല്‍കിയ റാഷിദ്​ ബാക്കി പിന്നീട് പങ്കിട്ടെടുക്കാമെന്ന്​ അറിയിക്കുകയായിരുന്നു. വണ്ടൂര്‍ പുല്ലുപറമ്പിലെ വാടകവീട്ടിലായിരുന്നു തൊണ്ടി മുതല്‍ സൂക്ഷിച്ചിരുന്നത്. റാഷിദ് മുമ്പും മോഷണ കേസില്‍ പിടിയിലായിരുന്നു. വണ്ടൂര്‍ എസ്‌.ഐ പി. ചന്ദ്രൻ, സി.പി.ഒമാരായ മധു, കുര്യാക്കോസ്, പി. വിനയദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.