ഇൗ വർഷത്തെ ഇസ്​ലാമിക വ്യക്​തിത്വ പുരസ്​കാരം സൽമാൻ ബിൻ അബ്​ദുൽ അസീസിന്

07:38 am 5/6/2017

ദുബൈ: ഇൗ വർഷത്തെ ഇസ്​ലാമിക വ്യക്​തിത്വ പുരസ്​കാരം പരിശുദ്ധ ഹറമുകളുടെ സൂക്ഷിപ്പുകാരനായ സൗദി ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്​ദുൽ അസീസിന്​. ഇസ്​ലാമിനും ലോക മുസ്​ലിം സമൂഹത്തിനും നൽകി വരുന്ന സേവനങ്ങൾക്ക്​ ദുബൈ അന്താരാഷ്​ട്ര ഹോളി ഖുർആൻ അവാർഡ്​ സംഘാടക സമിതിയാണ്​ പുരസ്​കാരം ഏർപ്പെടുത്തിയത്​. ആയാസ രഹിതമായി കർമങ്ങൾ നിർവഹിക്കാൻ ഹജ്ജ്​^ഉംറ തീർഥാടകർക്ക്​ ഒരുക്കിയ സൗകര്യങ്ങളും പരിശുദ്ധ ഗേഹങ്ങളിലെ സന്ദർശകർക്ക്​ അളവറ്റ സേവനങ്ങളും നൽകുന്ന ​ സൽമാൻ രാജാവിന്​ അർഹിക്കുന്ന അംഗീകാരമാണിതെന്ന്​ അവാർഡ്​ സമിതി ചെയർമാനും ദുബൈ ഭരണാധികാരിയുടെ സാംസ്​കാരിക ഉപദേഷ്​ടാവുമായ ഇ​ബ്രാഹിം ബു മിൽഹ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിശുദ്ധ ഖുർആ​​​െൻറ കൽപനക്കനുസൃതമായ സേവനങ്ങൾ ചെയ്യുന്ന വ്യക്​തികൾക്കോ ​സംഘങ്ങൾക്കോ ആണ്​ ഒാരോ വർഷവും പത്തു ലക്ഷം ദിർഹത്തി​​​െൻറ പുരസ്​കാരം സമ്മാനിക്കുക. 70 ബൃഹദ്​ ഗ്രന്​ഥങ്ങളെഴുതുകയും 200 ലേറെ ജീവകാരുണ്യ സംഘങ്ങൾക്ക്​ നേത​ൃത്വം നൽകുകയും ചെയ്യുന്ന 96 വയസ്​ പിന്നിട്ട ഇമറാത്തി പണ്ഡിതൻ ശൈഖ്​ മുഹമ്മദ്​ അലി ബിൻ അൽ ശൈഖ്​ അബ്​ദുറഹ്​മാൻ സുൽത്താൻ അൽ ഉലമയാണ്​ കഴിഞ്ഞ വർഷം പുരസ്​കാരം നേടിയത്​.
അറബ്​ ലോകത്തെയും മുസ്​ലിം സമൂഹത്തെയും ഒരുമിപ്പിക്കാനും അവർ നേരിടുന്ന വെല്ലുവിളികളെ ചെറുക്കാനും നിതാന്ത പരിശ്രമങ്ങളാണ്​ സൽമാൻ രാജാവ്​ നടത്തി വരുന്നത്​്​.