സാംസംഗ് ഗാലക്‌സി നോട്ട്-7 സ്മാര്‍ട്ട്‌ഫോണുകള്‍ തിരികെവിളിക്കുന്നു

01.16 AM 03-09-2016
Samsung_galaxy7
സാംസംഗിന്റെ ഏറ്റവും പുതിയ ഗാലക്‌സി നോട്ട്-7 സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി തിരികെവിളിക്കുന്നു. ചാര്‍ജിംഗിനിടെ ഫോണുകള്‍ക്ക് തീപിടിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ട്-7 ശ്രേണിയിലെ എല്ലാ ഫോണുകളും തിരികെവിളിക്കാന്‍ സാംസംഗ് തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസംഗ് കഴിഞ്ഞ മാസമാണ് അവരുടെ അഭിമാനപദ്ധതിയായി ഗാലക്‌സി നോട്ട് -7 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. സാംസംഗിന്റെ മുഖ്യ എതിരാളികളായ ആപ്പിള്‍ അടുത്തയാഴ്ച അവരുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഫോണുകള്‍ പിന്‍വലിക്കുന്നത് കമ്പനിക്ക് ഏറെ ക്ഷീണം ചെയ്യുമെന്നാണ് കരുതുന്നത്.
ഫോണുകള്‍ തിരികെവിളിക്കുമ്പോള്‍ കമ്പനി വിറ്റഴിച്ച കാല്‍കോടിയോളം ഫോണുകള്‍ ഉപയോക്താക്കളില്‍ നിന്നു തിരികെ വാങ്ങേണ്ടിവരും. ഫോണുകള്‍ തിരികെ നല്കുന്ന ഉപയോക്താക്കള്‍ക്ക്, പകരം ഉത്പന്നവും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ചാര്‍ജിംഗിനിടെ ഫോണിനു തീപിടിച്ച അഞ്ചു സംഭവങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തതായി ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തകര്‍ന്ന ഫോണുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഫോണുകള്‍ക്ക് തകരാറുണ്ടെന്ന് അറിയിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 35 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. പത്തുലക്ഷത്തില്‍ 24 എന്ന അനുപാതത്തിലാണ് വിറ്റഴിച്ച ഫോണുകളില്‍ തകരാര്‍ കണ്ടെത്തിയതെന്നും സാംസംഗ് അറിയിച്ചു.
ഫോണുകള്‍ക്ക് തകരാറുണ്ടെന്ന് പ്രചരണങ്ങള്‍ വന്നതോടെ വ്യാഴാഴ്ച സാംസംഗിന്റെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഫോണുകള്‍ തിരികെ വിളിക്കുന്നുവെന്ന പ്രഖ്യാപനമുണ്ടായതിനു ശേഷം 0.6 ശതമാനം നേട്ടത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.