സാന്റാ അന്നയില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിനു കൊടിയേറി

07:21 am 28/6/2017

ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ ഇടവക മധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാളിനു കൊടിയേറി. ജൂണ്‍ 25 മുതല്‍ ജൂലൈ 2 വരെയാണ് തിരുനാള്‍ ആഘോഷങ്ങള്‍.

ജൂണ്‍ 26 തിങ്കള്‍ മുതല്‍ ജൂണ്‍ 30 വെള്ളിയാഴ്ച വരെ വൈകിട്ട് 7.45-ന് വിശുദ്ധ കുര്‍ബാന, നൊവേന, വാഴ്‌വ് എന്നിവയുണ്ടായിരിക്കും.

ജൂണ്‍ 25 -ന് ഞായറാഴ്ചയുള്ള തിരുകര്‍മ്മങ്ങളില്‍ വികാരി റവ.ഫാ. ജയിംസ് നിരപ്പേല്‍ കാര്‍മികനായിരുന്നു. ദൈവാലയത്തില്‍ നിന്ന് ആരംഭിച്ച പ്രദക്ഷിണത്തില്‍ പെരുന്നാളിനു ഉയര്‍ത്തുവാനുള്ള പതാക വഹിച്ചത് കൈക്കാരന്മാരായ ഷൈന്‍ മുട്ടപ്പള്ളിയും, ജോര്‍ജുകുട്ടി പുല്ലാപ്പള്ളിയുമാണ്. പ്രാര്‍ത്ഥനകള്‍ക്കുശേഷം ഇടവകക്കാരുടെ സാന്നിധ്യത്തില്‍ ജയിംസ് അച്ചന്‍ തിരുനാള്‍ പതാക ഉയര്‍ത്തി.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ഒന്നാംതീയതി ശനിയാഴ്ച വൈകുന്നേരം 5-ന് ആഘോഷപൂര്‍വ്വമായ സമൂഹബലിയില്‍ റവ.ഫാ. കുര്യാക്കോസ് കുമ്പിക്കീല്‍ മുഖ്യകാര്‍മികനായിരിക്കും. റവ.ഫാ. സെബാസ്റ്റ്യന്‍ വെട്ടിക്കല്‍ സി.എം.ഐ തിരുനാള്‍ സന്ദേശം നല്‍കും. റവ.ഫാ. ജേക്കബ് തോമസ് വെട്ടത്ത് എം.എസ്, റവ.ഫാ. ജയിംസ് നിരപ്പേല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

ദിവ്യബലിക്കുശേഷം ലദീഞ്ഞും തുടര്‍ന്നു വിശുദ്ധരുടെ രൂപങ്ങളും വഹിച്ചുള്ള പ്രദക്ഷിണവും, സ്‌നേഹവിരുന്നുംനടക്കും. ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ രാത്രി 7.45-ന് ആരംഭിക്കും.

ജൂലൈ രണ്ടിന് ഞായറാഴ്ച രാവിലെ 10-ന് വി. കുര്‍ബാന, നൊവേന, വാഴ്‌വ് എന്നീ കര്‍മ്മങ്ങളോടെ തിരുനാള്‍ സമാപിക്കും.

ഇടവകാംഗങ്ങള്‍ ഒന്നായി ചേര്‍ന്ന് ഈവര്‍ഷത്തെ തിരുനാള്‍ നടത്തുന്നു. വി. തോമാശ്ശീഹായുടെ തിരുനാളില്‍ പങ്കുചേരുവാന്‍ വികാരി റവ.ഫാ. ജയിംസ് നിരപ്പേലും, ട്രസ്റ്റിമാരായ സജോ ജേക്കബ് പുരവടി, ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍, ഷൈന്‍ ജോസഫ് മുട്ടപ്പള്ളില്‍ എന്നിവര്‍ എല്ലാവരേയും സ്‌നേഹാദരവുകളോടെ ക്ഷണിക്കുന്നു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.