ഹിന്ദു സംഗമത്തില്‍ ദാര്‍ശനിക സംവാദം

07:20 am 28/6/2017

– സതീശന്‍ നായര്‍

ഷിക്കാഗോ: ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ സംഘടിപ്പിക്കുന്ന ദാര്‍ശനിക സംവാദത്തില്‍ ആര്‍ഷജ്ഞാനത്തിന്റെ അവകാശികള്‍ ആരാണ് എന്ന വിഷയം ചര്‍ച്ച ചെയ്യുന്നു.

ആധുനിക ഭൗതീക ശാസ്ത്രവും ഭഗവത്ഗീതാ ദര്‍ശനങ്ങളും സമഗ്രമായി പരിശോധിച്ച് മലയാള സാഹിത്യലോകത്തും, ആംഗലേയ ഭാഷയിലും പരിചയപ്പെടുത്തിയ ശാസ്ത്രകാരനും എഴുത്തുകാരനുമായ സി. രാധാകൃഷ്ണനാണ് വിഷയ അവതാരകന്‍.

ആര്‍ഷജ്ഞാനം കാലദേശ സീമകള്‍ ലംഘിച്ച് ലോക വ്യാപകമാകുമ്പോള്‍ ജന്മഭൂമിക്കും സ്വന്തം ജനതയ്ക്കും എന്തെല്ലാം അവകാശങ്ങളാണുള്ളത് എന്ന ചോദ്യം പ്രസക്തമാകുന്ന ഈ ചര്‍ച്ചയില്‍ പ്രശസ്ത പ്രഭാഷകനും ഭാരതീയ പൈതൃക സന്ദേശ പ്രചാരകനുമായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍, പ്രശസ്ത ഭാഗവത യജ്ഞാചാര്യന്‍ മണ്ണടി ഹരി എന്നിവരും സംബന്ധിക്കുന്നു.

ഹൈന്ദവ ദര്‍ശനങ്ങള്‍ രാജനൈതീകമോ, സാംസ്കാരിക സമന്വയമോ എന്ന ചിന്ത ശങ്കര ദര്‍ശനങ്ങളില്‍ തുടങ്ങി ആധുനിക സമൂഹം വരെ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതാകയാല്‍ കെ.എച്ച്.എന്‍.എ ആദ്ധ്യാത്മിക സഭയുടെ നിയന്ത്രണത്തില്‍ നടക്കുന്ന ഈ സംവാദം തികച്ചും അനുയോജ്യമാരിക്കുമെന്നു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പറഞ്ഞു.