സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മഹാശ്വേതാ ദേവിയുടെ നില അതീവഗുരുതരമായി തുടരുന്നു

09:38am 20/7/2016
download (1)
കോല്‍ക്കത്ത: സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മഹാശ്വേതാ ദേവിയുടെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നു. ഇരുവൃക്കകളും തകരാറിലായ അവര്‍ വെന്റിലേറ്ററിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കോല്‍ക്കത്തയിലെ ആശുപത്രിയില്‍ രണ്ടു മാസത്തോളമായി ചികിത്സയില്‍ കഴിയുകയാണ് 90കാരിയായ മഹാശ്വേതാ ദേവി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

മഹാശ്വേതാ ദേവിയുടെ ശരീരം മരുന്നുകളോട്് പ്രതികരിക്കുന്നത് തീര്‍ത്തും കുറഞ്ഞതായി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തത്തിലെ അണുബാധയും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്‌ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ജ്ഞാനപീഠം, പത്മവിഭൂഷണ്‍, മാഗ്‌സസെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള മഹാശ്വേതാ ദേവി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്്ട്.