സാമ്പത്തിക തിരിമറി വിവാദത്തിൽ കുടുങ്ങി ട്രംപ്

09;16 am 4/10/2016
download
ന്യൂയോര്‍ക്ക്: സാമ്പത്തിക തിരിമറി വിവാദത്തിൽ കുടുങ്ങി അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ്. നികുതിയടക്കുന്നതിൽ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. 1995 കാലയളവിൽ ഡോണാൾഡ് ട്രംപ് വരുമാനത്തിൽ 900 മില്ല്യൺ ഡോളർ കടമായി എഴുതി ചേർത്തെന്ന ആരോപണമുയരുന്നത്. ഇത് അസാധാരണമായ കണക്കാണെന്നാണ് സാന്പത്തിക വിദ്ഗ്ധരുടെ വിലയിരുത്തൽ. ട്രംപ് ഫൗണ്ടേഷന്‍റെ ധനസമാഹരണ പരിപാടി നിർത്തണമെന്ന് ന്യൂയോർക്ക് അറ്റോർണി ജനറൽ ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്ഥാനാർത്ഥികളുടെ സംവാദത്തിൽ റിപ്പബ്ലിക്കൻ പാർടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് നികുതി വിവരങ്ങൾ പുറത്തുവിടണമെന്ന് ഹിലരി ക്ലിന്‍റൺ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് 1995 കാലയളവിൽ ഡോണൾഡ് ട്രംപ് വരുമാനത്തിൽ 900 മില്ല്യൺ ഡോളർ കടമായി എഴുതി ചേർത്തെന്ന ആരോപണമുയരുന്നത്.
ഇത് അസാധാരണമായ കണക്കാണെന്നാണ് സാമ്പത്തിക വിദ്ഗ്ധരുടെ വിലയിരുത്തൽ. ഇത്രയും തുക കടമായി കാണിക്കുക വഴി 18 കൊല്ലം ഫെഡറൽ ഇൻകം ടാക്സ് നൽകുന്നതിൽ നിന്ന് ട്രംപ് ഒഴിവായെന്ന ആരോപണവുമായി ന്യൂയോർക്ക് സർവ്വകലാശാലയിലെ നികുതികാര്യ വിദഗ്ധൻ ഡാനിയേൽ ഷവീറോ രംഗത്തെത്തി.

എന്നാൽ ട്രംപിന്‍റെ എതിരാളിയും ഡെമോക്രാറ്റിക് പാർടി സ്ഥാനാർത്ഥിയുമായ ഹിലരി ക്ലിന്‍റൺ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപ് ഫൗണ്ടേഷന്‍റെ പണ സമാഹരണ പരിപാടി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ന്യൂയോർക്ക് അറ്റോർണി ജനറൽ ഉത്തരവിട്ടതും ട്രംപിന് തിരിച്ചടിയായിട്ടുണ്ട്.
ഫൗണ്ടേഷന്‍റെ റജിസ്ട്രേഷനിൽ പിഴവുണ്ടെന്നാണ് അറ്റോർണി ജനറൽ പുറപ്പെടുവിച്ച നോട്ടീസിലുള്ളത്. വിവിധ കോണുകളിൽ നിന്ന് സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം ശക്തമാകുന്നത് അമേരിക്കൻ തെരഞ്ഞെടുപ്പിൽ പ്രതികൂലമാകുമെന്ന ആശങ്കയിലാണ് റിപ്പബ്ലിക്കൻ പാർടി.