സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തില്‍ ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു

09;19 am 4/10/2016
download (1)
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തില്‍ ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു. ഫീസ് കുറക്കാന്‍ ചില കോളജ് മാനേജ്മെന്‍റുകള്‍ സന്നദ്ധത അറിയിച്ചതോടെ ചൊവ്വാഴ്ച മുഖ്യമന്ത്രി നേരിട്ട് അവരുമായി ചര്‍ച്ച നടത്തിയേക്കും. സ്വാശ്രയ കോളജുകളില്‍ ഫീസ് കുറക്കാന്‍ സാധ്യത തെളിഞ്ഞാല്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ ഫീസിലും സര്‍ക്കാറിന് കുറവ് വരുത്തേണ്ടിവരും.
ഫീസ് കുറക്കാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ മാനേജ്മെന്‍റുകളുമായി ചര്‍ച്ചനടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രി എം.കെ. മുനീര്‍ എന്നിവര്‍ തിങ്കളാഴ്ച ഉച്ചക്ക് മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചതായി അവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ചൊവ്വാഴ്ചത്തെ ചര്‍ച്ചക്കുശേഷം അന്തിമതീരുമാനമെടുക്കാമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. സര്‍ക്കാര്‍ചര്‍ച്ചക്ക് തയാറായതില്‍ സന്തോഷമുണ്ടെന്നും ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
പ്രവേശപരീക്ഷാകമീഷണര്‍ അലോട്ട്മെന്‍റ് നടത്തിയ മെറിറ്റ് സീറ്റിലെ 2.5 ലക്ഷം എന്ന ഫീസ് 2.10 ലക്ഷമായി കുറക്കാനുള്ള സന്നദ്ധത അറിയിച്ച് എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂറാണ് രംഗത്തത്തെിയത്. ഫീസ് 2.10 ലക്ഷമായി കുറച്ചാലും കോളജിന് നഷ്ടമൊന്നും വരില്ളെന്നും മറ്റ് മാനേജ്മെന്‍റുകളും ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മറ്റ് മാനേജ്മെന്‍റുകളും വിട്ടുവീഴ്ചക്ക് തയാറായേക്കുമെന്നാണ് സര്‍ക്കാറും പ്രതിപക്ഷവും കരുതുന്നത്. അതേസമയം, പ്രവേശനടപടികള്‍ പൂര്‍ത്തിയാക്കി മിക്ക കോളജുകളിലും ക്ളാസ് ആരംഭിച്ചതിനാല്‍ ഇക്കൊല്ലം ഫീസ് കുറക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ളെന്ന് മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് പി. കൃഷ്ണദാസ് പറഞ്ഞു.
അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് മാനേജ്മെന്‍റുകള്‍ സ്കോളര്‍ഷിപ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍െറ പതിവുയോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഫീസ് കുറക്കുന്ന കാര്യത്തില്‍ എം.ഇ.എസ് നിലപാട് ചര്‍ച്ച ചെയ്യേണ്ടതാണെന്ന് സെക്രട്ടറി വി. അനില്‍ പറഞ്ഞു.
അതേസമയം, ക്രിസ്ത്യന്‍ മാനേജ്മെന്‍റ് ഫെഡറേഷന്‍ ഫീസ് കുറക്കില്ളെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നുവര്‍ഷത്തേക്കുണ്ടാക്കിയ കരാര്‍ പ്രകാരം 4.4 ലക്ഷം രൂപയാണ് അവരുടെ നാല് കോളജുകളിലും ഏകീകൃത ഫീസായി വാങ്ങുന്നത്. പരിയാരം സഹകരണമെഡിക്കല്‍ കോളജിലെ ഫീസ് കുറക്കണമെന്നതാണ് പ്രതിപക്ഷത്തിന്‍െറ പ്രധാന ആവശ്യങ്ങളിലൊന്ന്. മാനേജ്മെന്‍റ് സീറ്റില്‍ 10 ലക്ഷവും എന്‍.ആര്‍.ഐ സീറ്റില്‍ 14 ലക്ഷവുമാണ് ഇക്കൊല്ലം പരിയാരത്ത് ഫീസായി നിശ്ചയിച്ചത്.
കോളജുകള്‍ നടത്തിയ പ്രവേശം റദ്ദ് ചെയ്ത് സര്‍ക്കാര്‍ നേരിട്ട് അലോട്ട്മെന്‍റ് നടത്തണമെന്ന് ജയിംസ് കമ്മിറ്റി ഉത്തരവ് നല്‍കിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ പുതിയ അപേക്ഷകര്‍ക്ക് പരിഗണന നല്‍കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സുതാര്യമായി നടക്കുന്ന പ്രവേശത്തില്‍ അവസരം നല്‍കണമെന്നാണ് രക്ഷാകര്‍ത്താക്കളുടെ ആവശ്യം. നേരത്തേ അപേക്ഷിച്ചവര്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ സീറ്റ് അലോട്ട് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.
ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍നിര്‍ദേശമുണ്ടായാലുടന്‍ അലോട്ട്മെന്‍റ് നടപടികള്‍ പ്രവേശപരീക്ഷാകമീഷണര്‍ ആരംഭിക്കും.