സിംബാബ്‌വെയ്‌ക്കെതിരായ മൂന്നു റണ്‍സിനു ഇന്ത്യ ജയിച്ചു

03:34pm 23/6/2016
images (2)
ഹരാരെ: ദുര്‍ബലരായ സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 പരമ്പയില്‍ ദുര്‍ബല വിജയവുമായി ഇന്ത്യ തടിതപ്പി. മൂന്നു റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്ന സിംബാബ്‌വേ 17 റണ്‍സ് നേടി ഇന്ത്യയെ വിറപ്പിച്ചു. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ട്വന്റി-20യില്‍ ആതിഥേയര്‍ രണ്ടു റണ്‍സിനു വിജയിച്ചിരുന്നു. സ്‌കോര്‍: ഇന്ത്യ 138/6 (20 ഓവര്‍), സിംബാബ്‌വേ 135/6 (20 ~ഓവര്‍). കേദാര്‍ യാദവിനെ മാന്‍ ഓഫ് ദ മാച്ചായും ബരീന്ദര്‍ സ്രാനിനെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു. ഏകദിന പരമ്പരയും ഇന്ത്യ നേടിയിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വേയ്ക്കു തുടക്കത്തില്‍തന്നെ ചിബാബ (5) യെ നഷ്ടമായെങ്കിലും മസാകഡ്‌സയും സിബാന്‍ഡയും ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചു. അവസാന ഓവര്‍ ഇന്ത്യന്‍ കളിക്കാരുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നതായിരുന്നു. എല്‍ട്ടണ്‍ ചിഗുംബരയും മരുമയുമായിരുന്നു ക്രീസില്‍. 21 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ സഖ്യം 17 റണ്‍സ് അടിച്ചുകൂട്ടി. അവസാന പന്തില്‍ ചിഗുംബര (16) യെ പുറത്താക്കി ബരീന്ദര്‍ സ്രാന്‍ ഇന്ത്യയ്ക്കു ജയം സമ്മാനിച്ചു. സിബാന്‍ഡ (28) യാണ് സിംബാബ്‌വെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നേടിയ സിംബാബ്‌വെ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. കഴിഞ്ഞദിവസം തകര്‍ത്തടിച്ച മുന്‍നിര തകര്‍ന്നപ്പോള്‍ മൂന്നിന് 27 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. എന്നാല്‍ തുടര്‍ന്നു ക്രീസിലെത്തിയ കേദാര്‍ ജാദവ് ഇന്ത്യന്‍ ബാറ്റിംഗിനെ മുന്നോട്ടുനയിച്ചു. 42 പന്തുകള്‍ നേരിട്ട ജാദവ് ഏഴ് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പടെ 58 റണ്‍സ് നേടി.