സിക്ക് വംശജനെ ക്രൂരമായി മര്‍ദ്ദിച്ച പതിനേഴുക്കാരന് 2 വര്‍ഷം നല്ല നടപ്പിന് ശിക്ഷിച്ചു

പി.പി.ചെറിയാന്‍
unnamed
വിറ്റണ്‍(ഇല്ലിനോയ്‌സ്): അമ്പത്തിമൂന്ന് വയസ്സുള്ള ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ഇന്ദര്‍ജിത്ത് മുക്കറിന്റെ മുഖത്തും തലയിലും ഇടിച്ചു പരിക്കേല്പിക്കുകയും, വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത ചിക്കാഗോയില്‍ നിന്നുള്ള പതിനേഴുക്കാരന് 2 വര്‍ഷത്തെ പ്രൊസേഷനും, 5000 ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനും, 200 മണിക്കൂര്‍ കമ്മ്യൂണിറ്റി സര്‍വ്വീസ് നടത്തുന്നതിനും കോടതി വിധിച്ചതായി ഡ്യുപേജ് കൗണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി ഓഫീസില്‍ നിന്നും ഇന്നലെ(ബുധന്‍) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ കാസ് അവന്യൂവിലൂടെ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ഇന്ദര്‍ജിത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തി, വംശീയമായി അധിക്ഷേപിക്കുകയും, മര്‍ദ്ദനം അഴിച്ചുവിടുകയുമായിരുന്നു.

ബോധം നഷ്ടപ്പെടുന്നതുവരെ മര്‍ദ്ദനം തുടര്‍ന്ന യുവാവ് ഇന്ദര്‍ജിത്ത് നിലത്തുവീണതോടെ സ്ഥലം വിട്ടു.
പ്രതിയുടെ പ്രായം പരിഗണിച്ചു പേര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇന്ദര്‍ജിത്തിനുനേരെ നടന്ന അക്രമണം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. സിക്ക് വംശജര്‍ക്കു നേരെ നടക്കുന്ന തുടര്‍ച്ചയായ അക്രമണങ്ങളെ സിക്ക് കൊയലേഷന്‍ ശക്തമായി അപലപിക്കുകയും, കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമണങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.