സിന്ധുവില്‍ മെഡലുറപ്പിച്ച്​ ഇന്ത്യ ​​

09:30 am 18/08/2016
download (1)
റിയോ ഡെ ജനീറോ: ഗാലറിയിലും കോര്‍ട്ടിലും ഇന്ത്യ മാത്രമായിരുന്നു. സാക്ഷി മാലിക് കഴിഞ്ഞ ദിവസം നേടിത്തന്ന വെങ്കലത്തിന്‍െറ ആവേശം ഇന്ത്യക്കാരിലൊന്നാകെ പടര്‍ന്നതിന്‍െറ ഗുണം ബാഡ്മിന്‍റണ്‍ കോര്‍ട്ടിലും കണ്ടു. ഇന്ത്യ, ഇന്ത്യ വിളികള്‍ മുഴുവന്‍ സമയവും മുഖരിതമാക്കിയ റിയോ ഒളിമ്പിക് കോര്‍ട്ടില്‍ പുസര്‍ല വെങ്കട്ട സിന്ധു ഇന്ത്യക്ക് ഒരു മെഡല്‍കൂടി ഉറപ്പാക്കി. അത് സ്വര്‍ണമോ വെള്ളിയോ എന്ന് വെള്ളിയാഴ്ച അറിയാം. വ്യാഴാഴ്ച നടന്ന ആവേശകരമായ സെമിഫൈനല്‍ മത്സരത്തില്‍ ഹൈദരാബാദുകാരി ലോക ആറാം നമ്പര്‍ ജപ്പാന്‍െറ നൊസൂമി ഒകൊഹാരയെ നേരിട്ടുള്ള ഗെയിമുകളില്‍ മുട്ടുകുത്തിച്ചു. സ്കോര്‍ 21-19, 21-10.

വെറും 51 മിനിറ്റില്‍ മത്സരം തീര്‍ത്ത പി.വി. സിന്ധു, ഒളിമ്പിക് ഫൈനലിലത്തെുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരമായി. സൈന നെഹ്വാളിനു ശേഷം മെഡല്‍ നേടുന്ന ആദ്യ കളിക്കാരിയും. സൈനക്ക് കഴിഞ്ഞ തവണ ലണ്ടനില്‍ വെങ്കലമായിരുന്നു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 7.30ന് നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിലെ കരോലിന മാരിനെ പി.വി. സിന്ധു നേരിടും. ലോക രണ്ടാം നമ്പര്‍ വാങ് യിഹാനെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചത്തെിയ സിന്ധു തുടക്കം മുതല്‍ നല്ല ആത്മവിശ്വാസത്തിലാണ് കളിച്ചത്. ഗാലറിയുടെ നിറഞ്ഞ പിന്തുണയോടെ ലോക പത്താം നമ്പര്‍ താരം മുന്നേറിയപ്പോള്‍ ജപ്പാന്‍കാരി നിരന്തരം പിഴവ് വരുത്തുകയും ചെയ്തു. 4-1 വരെ മുന്നേറിയ സിന്ധു പിന്നെ 8-5 ലേക്കും 12-9ലേക്കുമത്തെി. നില വീണ്ടെടുത്ത ജപ്പാന്‍ താരം മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമം തുടങ്ങിയതോടെ പോരാട്ടം വീറുറ്റതായി. നെറ്റിലും ബാക് കോര്‍ട്ടിലും സിന്ധു മേല്‍ക്കൈ നേടിയപ്പോള്‍ പ്ളേസിങ്ങില്‍ ഒകെഹാരയായിരുന്നു മുന്നില്‍.

ഒരു ഘട്ടത്തില്‍ 18-17 വരെ എത്തിയതോടെ ആരും ജയിക്കാമെന്ന അവസ്ഥ. എന്നാല്‍, 20-19 ല്‍വെച്ച് സിന്ധു മനോഹരമായ നെറ്റ് പ്ളേസിങ്ങിലൂടെ 27ാം മിനിറ്റില്‍ ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും തുടക്കത്തില്‍ മേധാവിത്വം സിന്ധുവിന് തന്നെയായിരുന്നു. എന്നാല്‍, 3-0ത്തില്‍ വെച്ച് സിന്ധുവിനെ പിടിച്ചുകെട്ടിയ ഒകൊഹാര മത്സരത്തിലാദ്യമായി മുന്നില്‍ കയറി 3-5. എന്നാല്‍ അധികം വൈകാതെ സിന്ധു 5-5ലത്തെിച്ചു. പിന്നെ, ഇരുവരും ഒപ്പത്തിനൊപ്പം. 9-9ല്‍ ഇന്ത്യന്‍ താരം ലീഡ് നേടിയ ശേഷം ഒരു പോയന്‍റ് മാത്രമേ ജപ്പാന്‍െറ മുന്‍ ലോക ജൂനിയര്‍ ചാമ്പ്യന് അനുവദിച്ചുള്ളൂ. 11-10ല്‍ ഇടവേള സിന്ധു നിശ്ചയിച്ചു. പിന്നീടങ്ങോട്ട് മഞ്ഞക്കുപ്പായക്കാരിയുടെ തേരോട്ടമായിരുന്നു. എതിരാളിയെക്കാള്‍ ഉയരക്കൂടുതലുള്ളത് സിന്ധു ശരിക്കും ഉപയോഗിച്ചു.

മികച്ച പ്ളേസിങ്ങുകളും സ്മാഷുകളും. തുടര്‍ച്ചയായി പത്തു പോയന്‍റുകള്‍ നേടി ഗെയിമും വിജയവും ഉറപ്പിച്ചശേഷമാണ് സിന്ധു നിര്‍ത്തിയത്. രണ്ടാം ഗെയിം വെറും 22 മിനിറ്റില്‍ അവസാനിച്ചു. ഗാലറിയില്‍ ഇന്ത്യ, സിന്ധു വിളികള്‍ മാത്രം. ജപ്പാന്‍കാരി പകുതിവെച്ചേ മത്സരം ഉപേക്ഷിച്ച നിലയിലായിരുന്നു. പിഴവുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. സിന്ധുവിന്‍െറ മികച്ച കളിയില്‍ മറ്റു രാജ്യക്കാരും നിറഞ്ഞ പിന്തുണ നല്‍കി.
നേരത്തെ ഒന്നാം സെമിയില്‍, കരോലിന മാരിന്‍ ചൈനയുടെ ലി സുയിയെ നേരിട്ടുള്ള ഗെയിമിന് തോല്‍പിച്ചു. സ്കോര്‍ 21-14, 21-16. ലണ്ടന്‍ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായിരുന്നു ലി സുയി.