സിറിയയില്‍ വ്യോമാക്രമണം; മരണം 100 കവിഞ്ഞു

09:08 am 12/09/2016

images (4)
ഡമസ്കസ്: സമാധാനം തിരിച്ചത്തെിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ കരാറിലത്തെിയതിനു പിന്നാലെ സിറിയയിലുണ്ടായ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ശനിയാഴ്ച അര്‍ധരാത്രി വിമത നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയയിലെ അലപ്പോ പ്രവിശ്യയിലും വടക്കുപടിഞ്ഞാറന്‍ മേഖലയായ ഇദ്ലിബിലും നടന്ന തുടര്‍ച്ചയായ വ്യോമാക്രമണത്തിലാണ് കുട്ടികളടക്കം മരിച്ചത്.

ഇദ്ലിബ് നഗരത്തിലെ മാര്‍ക്കറ്റിനുനേരെയുണ്ടായ ആക്രമണത്തില്‍ 55 പേരാണ് മരിച്ചത്. മാര്‍ക്കറ്റിനും സമീപത്തെ ജനവാസകേന്ദ്രത്തിനുംനേരെ റഷ്യന്‍ ഫൈറ്റര്‍ ജെറ്റാണ് ആക്രമണം നടത്തിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈദ് ആഘോഷത്തിന് മുന്നോടിയായി മാര്‍ക്കറ്റ് ജനനിബിഡമായിരിക്കെയായിരുന്നു ആക്രമണം. അലപ്പോയില്‍ ജനവാസകേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പതു കുട്ടികളടക്കം 46 പേരാണ് മരിച്ചത്.

സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന ചര്‍ച്ചക്കുശേഷം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവുമാണ് ശനിയാഴ്ച വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിരുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് അലപ്പോയിലും ഇദ്ലിബിലും ആക്രമണമുണ്ടായത്. തിങ്കളാഴ്ചയാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുക.