09: 43 am 14/8/2016

അങ്കാറ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പരസ്പരം സഹകരിക്കുമെന്ന് ഇറാനും തുര്‍ക്കിയും പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടന്ന ഇരു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് വിഷയത്തിലെ അഭിപ്രായഭിന്നതകളുണ്ടെങ്കിലും പരസ്പരം സഹകരിക്കാന്‍ തീരുമാനമെടുത്തത്.
സിറിയയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ ഇറാനുമായി സഹകരണം ശക്തമാക്കുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് ഗാവൂശ് ഒഗ്ലു പറഞ്ഞു. സിറിയയില്‍ സമാധാനം സ്ഥാപിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ്, വിഷയത്തിലെ ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാവുമെന്ന പ്രത്യാശയും പങ്കുവെച്ചു. തുര്‍ക്കിയും റഷ്യയും തമ്മില്‍ സഹകരണം വീണ്ടും ശക്തമാക്കിയതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. സിറിയന്‍ വിഷയത്തില്‍ വ്യത്യസ്ത ധ്രുവങ്ങളിലാണ് ഇരു രാജ്യങ്ങളും.
